വാഷിംഗ്ടണ്‍: കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണിന്റെ ഭവനദാന പദ്ധതിയായ “സ്‌നേഹാലയം’ പ്രൊജക്ടിനുവേണ്ടി വിമന്‍സ് ഫോറം സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ ജനസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കഴിഞ്ഞവര്‍ഷം ആലപ്പുഴയിലെ ഒരു കുടുംബത്തിനു വേണ്ടി നടത്തിയ ഭവനദാന പദ്ധതിയെ തുടര്‍ന്നാണ് ഈവര്‍ഷം കോഴിക്കോട്ട് ഭവനരഹിതരായ ഒരു കുടുംബത്തിനുവേണ്ടിയുള്ള ഈ സംരംഭം.

സ്കിസോഫ്രീനിയ (Schizophrenia ) രോഗബാധിതനായ ഗിരീശനും കുടുംബത്തിനും വേണ്ടിയാണ് കെ.സി.എസ്.എം.ഡബ്ല്യു ഈവര്‍ഷം വീട് നിര്‍മ്മിക്കുവാന്‍ സഹായമെത്തിക്കുന്നത്. പ്രസ്തുത പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 17-നു ശനിയാഴ്ച മേരിലാന്റിലെ റോക്ക്‌ലാന്റ് വില്ലിലാണ് ചാരിറ്റി ഡിന്നര്‍ നടത്തിയത്.

ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബമാണ് 52-കാരനായ കൂലിവേലക്കാരന്‍ ഗിരീശന്റേത്. രോഗബാധയെ തുടര്‍ന്ന് ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായതോടെ ആ കുടുംബത്തിന്റെ വരുമാനവും നിലച്ചിരിക്കുകയാണ്. ശയ്യാവലംബനായ ഭര്‍ത്താവിനേയും മാനസികമായി വളര്‍ച്ചയെത്തിയിട്ടില്ലാത്ത 17 വയസ്സുകാരി മകളേയും പരിചരിക്കേണ്ടതിനാല്‍ ഗിരീശന്റെ ഭാര്യയ്ക്കും ജോലിക്കുപോകാന്‍ സാധിക്കുന്നില്ല. ‘പരിവാര്‍’ എന്ന സംഘടനയാണ് ഗിരീശന്റെ മകനു വിദ്യാഭ്യാസത്തിനുള്ള സഹായങ്ങള്‍ നല്‍കുന്നത്. സ്വന്തമായി വീടില്ലാത്ത ഈ കുടുംബം ഇപ്പോള്‍ സഹോദരനോടൊപ്പമാണ് കഴിയുന്നത്.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ അനിതാ നായരും, പ്രതിനിധി സിന്ധു ഇലക്കരയും ഈവര്‍ഷത്തെ ഭവനദാന പദ്ധതിയെപ്പറ്റി വിവരിച്ചു.

ചാരിറ്റി ഡിന്നറില്‍ പങ്കെടുത്തും സംഭാവനകള്‍ നല്‍കിയും ഈ സംരംഭത്തെ വിജയിപ്പിച്ച ഏവര്‍ക്കും കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടന്‍ പ്രസിഡന്റ് സെബാ നവീദ് നന്ദി പ്രകാശിപ്പിച്ചു.

താഴെകൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈനായും സംഭാവനകള്‍ നല്‍കാവുന്നതാണ്.
http://www.gofundme.com/help-gireeshan-to-build-a-house

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപ്പോളിറ്റന്‍ വാഷിംഗ്ടണ്‍ വെബ്‌സൈറ്റ്: www.kcsmw.org

LEAVE A REPLY

Please enter your comment!
Please enter your name here