സ്വപ്രയത്‌നം കൊണ്ടും തന്റേതായ സ്വഭാവ വൈശിഷ്ട്യങ്ങള്‍ കൊണ്ടും പ്രവാസി മലയാളികള്‍ക്കിടയില്‍ നേതൃത്വനിരയില്‍ അനിഷേദ്ധ്യ സ്ഥാനം നേടിയെടുത്ത ഒരു വിശിഷ്ടവ്യക്തിയാണ് ശ്രീമതി. ലീലാ മാരേട്ട്.

കേവലം ഒരു ലേഖനത്തില്‍ ഒതുങ്ങാത്തത്ര സാമൂഹ്യ സേവനത്തിനുടമ. സേവന പാരമ്പര്യവും നേതൃപാഠവവും പിതാവായ കോണ്‍ഗ്രസ് നേതാവ് തോമസ്സ് സാറില്‍ നിന്നും പരമ്പരാഗതമായി ലഭിച്ചതാവാം. തോമസ്സ് സാര്‍ തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ പ്രശസ്തനായിരുന്നു.

അദ്ദേഹം സാക്ഷാല്‍ ലീഡറായ കെ.കരുണാകരന്റെ ഇഷ്ട തോഴനും, വയലാര്‍ രവി, എ.കെ.ആന്റണി എന്നീ യുവനേതാക്കളെ (അക്കാലത്തെ) നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ ഒരു സുപ്രധാന പങ്കുവഹിച്ച വ്യക്തിയായിരുന്നു.
ശ്രീമതി. ലീലാ മാരേട്ടിന്റെ സാമൂഹിക പൊതു ജീവിതത്തിന്റെ ആരംഭം കുറിക്കുന്നത് കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ അംഗമാകുന്നതോടെയാണ്. ജോലിയിലും സ്വന്തം ഗൃഹഭരണത്തിലും ഒതുങ്ങികൂടിയിരുന്ന ലീലാ മാരേട്ടിനെക്കുറിച്ച് സമാജത്തിലേക്ക് വരുവാന്‍ പ്രേരിപ്പിച്ച അന്നത്തെ സമാജം പ്രസിഡന്റ് ശ്രീ.സുനില്‍ കുഴമ്പാല വിശേഷിപ്പിച്ചത് ഇങ്ങനെ. വീടുവിടാതെ ഇരുന്നിരുന്ന ലീല പുറം ലോകത്തേക്കു വന്നതില്‍ പിന്നെ തന്റെ കര്‍മ്മരംഗമായി കണ്ടത് പുറംലോകം മാത്രമാണെന്നാണ്.

പൊതുജനസേവനത്തിന് ഇറങ്ങിത്തിരിച്ചു എന്നു വെച്ച് സ്വന്തം വീട്ടുകാര്യത്തില്‍ ഉപേക്ഷ വരുത്തി എന്ന് അര്‍ത്ഥമാക്കേണ്ട.ഭര്‍ത്താവിന്റെ ശുശ്രൂഷയില്‍ഒട്ടും വീഴ്ച വരുത്താതെ, വേണ്ടവിധം പരിപാലിക്കുന്നതില്‍ ശ്രദ്ധാലുവാണ് ഈ മഹതി. അതേ പോലെ തന്നെയാണ്, അസൂയാര്‍ഹമാം വിധം മക്കളെ രണ്ടുപേരേയും വളര്‍ത്തി നല്ല നിലയിലാക്കി എന്ന വസ്തുതയും.

കുടുംബപ്രാരാബ്ധങ്ങള്‍ക്കിടയിലും പൊതുജനസേവനത്തിനു തുനിഞ്ഞിറങ്ങാന്‍ സമയം കണ്ടെത്തുന്നു എന്നുള്ളത് ചുരുക്കം ചിലര്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യമാണ്.

ലീലയുടെ ഔദ്യോഗിക ജീവിതത്തിന്റേയും പൊതുകാര്യ ജീവിതത്തിന്റേയും മണ്ഡലങ്ങള്‍ വളരെ വിസ്തൃതമാണ്. രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴ സെന്റ്. ജോസഫസ് കോളേജിലും ബ്രോങ്ക്‌സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കിയിട്ടുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നുംഈയിടെ റിട്ടയര്‍ ചെയ്തു.

പൊതുജന സേവനത്തിന്റെ പട്ടിക വളരെ നീണ്ടതു തന്നെ പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ കേരള സമാജത്തിന് തന്റെ സേവനം പ്രദാനം ചെയ്തു. കൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ്, സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്‌സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ ഇത്യാദി സ്തുത്യര്‍ഹപദവികള്‍ വഹിച്ചിട്ടുണ്ട്.

ഫൊക്കാന എന്ന ദേശീയ സംഘടനയുടെ വളര്‍ച്ചയില്‍ ഒരുപാട് പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുള്ള ഒരു വ്യക്തികൂടിയാണ് ശ്രീമതി മാരേട്ട്. ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ദീര്‍ഘകാലമായി ഫൊക്കാന വുമണ്‍സ് ഫോറം ചെയര്‍, നാഷണല്‍ കോഓര്‍ഡിനേറ്റര്‍ എന്നീ പദവികളും അലങ്കരിച്ചിട്ടുണ്ട്.

ഫൊക്കാന പിളര്‍ന്നപ്പോള്‍ രണ്ടു പക്ഷത്തിന്റേയും പിന്തുണ ഉണ്ടായ ഒരാള്‍ കൂടിയാണ് ലീല എന്നുള്ളത് സ്മരണീയമാണ്. ഒരു പൊളിറ്റിക്കല്‍ ആക്റ്റിവിസ്റ്റ് ആയ ലീല ഒരു പാട് സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സിറ്റി ഹാളില്‍ നടത്തപ്പെട്ട ദീപാവലി ആഘോഷം എടുത്തു പറയേണ്ട ഒന്നാണ്. പ്രവര്‍ത്തന ശേഷി തെളിയിച്ച ഈ ഉരുക്കു വനിതയെ തേടി നിരവധി പുരസ്കാരഹ്ങ്ങള്‍ വന്നതില്‍ അതിശയിക്കാനില്ലെന്നു മാത്രമല്ല, വടക്കനമേരിക്കന്‍ മലയാളി മാധ്യമങ്ങളില്‍ സുസ്‌മേര വദനയായ് നിറഞ്ഞു നില്‍ക്കുന്നതില്‍ ആര്‍ക്കും നെറ്റി ചുളിക്കാനുമില്ല.

അങ്ങിനെ ഫൊക്കാനയെ സ്‌നേഹിച്ച് നിസ്വാര്‍ത്ഥസേവനമനുഷ്ഠിച്ച് അതിന്റെ വളര്‍ച്ചയില്‍ ഒരു സുപ്രധാന പങ്കുവഹിച്ചിട്ടുള്ള ലീലാ മാരേട്ട് അതിന്റെ പരമോന്നത നേതൃപദവി അലങ്കരിക്കാന്‍ പ്രാപ്തയും അനുയോജ്യയുമാണെന്ന് നിസ്സംശയം തെളിയിച്ച് കഴിഞ്ഞതിനാല്‍ ഈ മഹനീയ മഹിളക്ക് സര്‍വ്വഭാവുകങ്ങളും നേരുന്നു. മാത്രമല്ല മുഖ്യധാരാഇലക്ഷനിലും ഒരു പദവിയില്‍ മത്സരിച്ച് ജയിക്കുവാനും സാധിക്കുമാറാകട്ടെ.

തിരക്കു പിടിച്ച ഔദ്യോഗികവും പൊതുസമ്പര്‍ക്കപരവുമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിട്ടും, സ്വാദിഷ്ട ഭക്ഷണം അതിഥികള്‍ക്ക് വെച്ചു വിളമ്പുന്നതില്‍ സന്തുഷ്ടയാണ് നല്ലൊരു ആതിഥേയയായ ഈ ഗൃഹനായിക.

LEAVE A REPLY

Please enter your comment!
Please enter your name here