തേനി: പ്രതിഷേധങ്ങള്‍ നിലനില്‍ക്കെ തമിഴ്‌നാട്ടിലെ തേനി പഞ്ചിമഘട്ട മേഖലയില്‍ കണികാനിരീക്ഷണം നടത്താന്‍ വീണ്ടും കേന്ദ്രസര്‍ക്കാരിന്റെ അനുമതി. ഇതു സംബന്ധിച്ച് വിദഗ്ധ സമിതി കേന്ദ്രത്തിന് നല്‍കിയ ശുപാര്‍ശ വനംപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചു.

തേനിയില്‍ കണികാ നിരീക്ഷണം നടത്താനുള്ള അനുമതി 2011 ല്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിച്ചതാണ്. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ 2017 ല്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കിയിരുന്നു.

അന്നത്തെ ഉത്തരവില്‍ പദ്ധതിക്കുവേണ്ടി പുതിയ അപേക്ഷ വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കാമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയുമായി സമീപിച്ചപ്പോള്‍ ഈ മാസം അഞ്ചിന് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ തിങ്കളാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട പൂര്‍ണ്ണ അനുമതി ലഭിക്കുന്നത്. എന്നാല്‍ പദ്ധതി പ്രാബല്യത്തിലാവണമെങ്കില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അനുമതി കൂടെ ലഭ്യമാകണം.

തേനിയിലെ പോട്ടിപ്പുറം ഗ്രാമത്തിലാണ് ‘ഇന്ത്യ ബേസ്ഡ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി’ എന്ന ന്യൂട്രിനോ നിരീക്ഷണപദ്ധതി നടപ്പാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നത്. ആദ്യം നീലഗിരിയിലെ സിങ്കാരക്കുന്നുകളിലായിരുന്നു പദ്ധതിക്കുവേണ്ടി സ്ഥലം കണ്ടെത്തിയത്. എന്നാല്‍ മുതുമല കടുവസങ്കേതത്തില്‍ പെട്ട സ്ഥലമായതിനാല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നില്ല.

പരിസ്ഥിതിമന്ത്രാലയം 2010 ലാണ് കണികാ നിരീക്ഷണശാല സ്ഥാപിക്കാന്‍ അനുമതി നല്‍കിയത്.അനുമതി ലഭിച്ചതോടെ പ്രാരംഭ പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. 1500 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. 4300 അടി താഴ്ചയില്‍ മലയില്‍ തുരങ്കമുണ്ടാക്കി ന്യൂട്രിനോ നിരീക്ഷണം നടത്താനാണ് പദ്ധതി. എന്നാല്‍ ഭൂകമ്പ ബാധിത പ്രദേശവും, അണക്കെട്ടുകള്‍ നിറഞ്ഞതുമായ ഇടുക്കിയില്‍ പദ്ധതി നടത്തുന്നതിന് കടുത്ത വിയോജിപ്പാണ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here