മനോജ് മനയിൽ

അത്യന്തം അശ്ലീലവും അപരിഷ്കൃതവും പ്രതിലോമകരവുമായ ഒരു പ്രയോഗമാണ് അഹിന്ദു. ഭാഷാപരമായ ന്യൂനതക്ക് പുറമേ ചരിത്രപരവും സാംസ്കാരികവുമായ ഭാരതത്തിന്‍റെ ഈടുവെയ്പുകളിലൊന്നും ഹിന്ദു ഒരു മതമാണെന്നു പറഞ്ഞിട്ടില്ല. ലോകവ്യവസായവിപ്ലവവും അതിന്‍റെ പരിണതിയായി ഭവിച്ച കോളനിവാഴ്ചയും സമ്മാനിച്ച ഒരു മതസംജ്ഞയാണത്. ഹിന്ദുവിന് മേല്‍ക്കോയ്മയുടെ ചട്ടവട്ടങ്ങളില്ല. പ്രാമാണികഗ്രന്ഥങ്ങളില്ല. അങ്ങനെ ഉണ്ടെന്നു ശഠിക്കുന്നത് കേരളത്തിലെ ക്ഷേത്രങ്ങളും ദേവസ്വങ്ങളുമാണ്. ”മതപാഠശാല” എന്നപേരിലുള്ള കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് അമ്പലങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക പഠനാലയം അറിയപ്പെടുന്നത്. അതിനാല്‍ത്തന്നെ കേരളത്തിലെ അമ്പലങ്ങളില്‍ ഹോട്ടലുകളിലെ ഭക്ഷണവിലവിവരപ്പട്ടികയെന്നപോലെ ഒരു ബോ‍ര്‍ഡ് നാം കാണുന്നു. അതാണ് ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്നത്. ഈ വിധം ബോ‍ര്‍ഡിനാല്‍ വേലികെട്ടിത്തിരിച്ച അമ്പലത്തിലേക്കാണത്രെ യേശുദാസിനും പോകേണ്ടത്. എന്തിന്? കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇത്തരമൊരു പദ്ധതി എന്നെങ്കിലും നിലവിലുണ്ടായിരുന്നോ? പരിശോധിക്കേണ്ടതാണ്. ആചാരപരിഷ്കരണ വാദികളുടെ പ്രഘോഷണം കേട്ടാൽത്തോന്നും, അമ്പലങ്ങൾ പണ്ടു പണ്ട് മതേതരത്വത്തിൻ്റെയും സർവമതസമഭാവനയുടേയും ശ്രീകോവിലായിരുന്നെന്ന്! വേണ്ട സാർ, അങ്ങനെയൊരു തെറ്റുദ്ധാരണയും വേണ്ട. അമ്പലങ്ങൾ അന്നും ഇന്നും യാഥാസ്ഥിതിക നീതിയുടെ പുണ്യാഹപാത്രങ്ങളാണ്. ഇതിൽ പരിഷ്കരണവാദികൾ കളിക്കുന്നത് ആരോടാണ് എന്നതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്! സാക്ഷാൽ ചേന്നാസിൻ്റെ കുലത്താവഴികളോടാണ് അഹിന്ദുവിനെ അമ്പലത്തിലേക്കാനയിക്കണമെന്നാവശ്യപ്പെടുന്നത്! അതുവരെ കാവുകളായിരുന്ന ആരാധനാകേന്ദ്രങ്ങളെ ക്ഷേത്രങ്ങളാക്കി മാറ്റിപ്പണിഞ്ഞ്, അവയുടെ നല്ല നടപ്പിന് തന്ത്രസമുച്ചയമെന്ന അലംഘനീയ വിധി ചുമത്തിയ ചേന്നാസ് കുടുംബത്തിൻ്റെ അധീനതയിൽ വിരാജിക്കുന്ന ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിനെന്നല്ല, ഉച്ചനീചത്വം എരകപ്പുല്ലായി വളര്‍ന്നുനില്‍ക്കുന്ന യാദവകുലത്തിലെ ആ കുതിരക്കാരനെപ്പോലും അവിടേക്ക് പ്രവേശിപ്പിക്കില്ല. ഇപ്പോഴുള്ളത് വിഗ്രഹമായതുകൊണ്ട് രക്ഷപ്പെട്ടു. അതാണ് സാർ അമ്പലങ്ങൾ!

പേരിലെ പൊളി

അപനിർമാണത്തിന്‍റെയും വ്യാജോക്തികളുടേയും നിറം പിടിപ്പിച്ച കഥകൾ ഗുരുവായൂരമ്പലത്തിലുണ്ട്. ‘ഗുരുവായൂർ’ എന്ന പേരിൽനിന്നുതന്നെ തുടങ്ങുന്നു അതിന്‍റെ കഥ. ഗുരുവും വായുവും ചേർന്നു പ്രതിഷ്ഠ നടത്തിയതിനാലാണ് ‘ഗുരുവായൂർ’ എന്ന പേരുവന്നതെന്നാണല്ലോ ഐതിഹ്യം. എന്നാൽ ശ്രീകൃഷ്ണപ്രതിഷ്ഠ ഉണ്ടാവുന്നതിനു മുൻപ് ഈ സ്ഥലത്തിൻ്റെ പേര് ‘കുരുവയൂർ’ എന്നായിരുന്നു എന്നത് നാം സൌകര്യപൂർവം മറന്നുപോവുകയും ചെയ്യുന്നു. എ.ഡി. പതിനാലാം ശതകത്തിലെ ‘കോകസന്ദേശ’ത്തില്‍ ഈ സ്ഥലം കുരുവയൂരാണ്; ഗുരുവായൂരല്ല. കോകസന്ദേശത്തില്‍ പറയുന്നു: ”അമ്പില്‍ കുമ്പിട്ടചലതനയാം പിന്നെ നീ പോക പോനാല്‍ മുന്നില്‍ കാണാമഥ ‘കുരുവയൂ – രെ’ന്റു പേരാം പ്രദേശം” ഗുരുവും വായുവും വിഷ്ണുപ്രതിഷ്ഠനടത്തി എന്ന ഐതിഹ്യം പ്രചരിക്കുന്നതിനു മുന്‍പുതന്നെ ഇവിടെ ആരാധനയുണ്ടായിരുന്നു. ഭഗവതിയായിരുന്നു പണ്ടുകാലത്ത് ഇവിടെ പ്രതിഷ്ഠ എന്നതിനാലാണ് ഈ സ്ഥലത്തിന് കുരുവയൂര്‍ എന്ന പേരുവരാന്‍ കാരണമായി പറയുന്നത്. ‘കൊറ്റവെ’, ‘കുരുംബ’ എന്നീ പേരുകളില്‍ അറിയപ്പെട്ട ഭഗവതി കുടിയിരുന്നതിനാലാണ് കുരുംബയൂര്‍ അല്ലെങ്കില്‍ കുരുവയൂര്‍ എന്നറിയപ്പെട്ടത്. നാട്ടുരാജാക്കന്മാരെപ്പോലും ധിക്കരിക്കാന്‍ കഴിയുന്ന തരത്തില്‍ ബ്രാഹ്മണാധിപത്യം ശക്തമാവുകയും പല പേരുകളും തമിഴ് കലര്‍ന്ന മലയാളത്തില്‍നിന്നും സംസ്‌കൃതത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അപ്പോഴും പേരുകളില്‍നിന്നു ‘ഊര്‍’ എടുത്തുമാറ്റാന്‍ കഴിഞ്ഞതുമില്ല. അതിനൊരുദാഹരണമാണ് കുരുവയൂര്‍ ഗുരുവായൂരായി മാറിയത്. എന്നുമാത്രമല്ല, 1558ല്‍ എഴുതപ്പെട്ട കോഴിക്കോടന്‍ ഗ്രന്ഥവരികളിലും ‘കുരുവയൂര്‍’ എന്നാണ് ഗുരുവായൂരിനെ രേഖപ്പെടുത്തുന്നത്. വേങ്ങനാട് സ്വരൂപവും സാമൂതിരി രാജകുടുംബവും തമ്മിലുള്ള ബന്ധത്തെക്കുറിക്കുന്ന ഒരു ഗ്രന്ഥവരിയില്‍ പറയുന്നു: ‘കുരുവയൂര്‍വട്ടത്ത് (ഇന്നത്തെ ഗുരുവായൂരില്‍)വച്ച് ഒരു സാമൂതിരി രാജാവ് തീപ്പെട്ടു. തീപ്പെട്ടാല്‍ തിരുവന്തളി (മരണാനന്തരചടങ്ങ്)യും അരിയിട്ടുവാഴ്ചയും എല്ലാ നാടുവാഴികളേയും അറിയിക്കണം. എന്നാല്‍ വേങ്ങനാട് നമ്പിടിയെ തിരുവുള്ളക്കേടുകാരണം പുല അറിയിക്കേണ്ട എന്നാണ് നിശ്ചയം.’ ഇതിലും കുരുവയൂര്‍ എന്നാണ് പ്രയോഗമെന്നു ശ്രദ്ധേയം.

എടത്തഴിയത്തും ഇടത്തരികത്തും

ഗുരുവായൂർ അമ്പലത്തിൻ്റെ നാലുകെട്ടിനുള്ളിൽ ഇപ്പോൾ ഇടത്തരികത്തുകാവെന്നു വിളിക്കപ്പെടുന്ന ഒരു ദേവീ പ്രതിഷ്ഠയുണ്ട്. ഇത് ഇന്ന് കൃഷ്ണക്ഷേത്രത്തിലെ ഉപദേവതയാണ്. പണ്ട് ഈ ദേവി കുരുവയൂരമ്മ എന്ന പേരിൽ അറിയപ്പെട്ട ഈ സ്ഥലത്തിൻ്റെ കാവൽ ദേവതയായിരുന്നു. കാലംചെന്നാറെ ബ്രാഹ്മണാധിപത്യം വേരൂന്നുകയും വൈഷ്ണവഭക്തി പ്രസ്ഥാനം വളരുകയും ചെയ്ത കാലഘട്ടത്തിൽ പുരോഹിതർ ദേവിയെ മാറ്റി കൃഷ്ണനെ പ്രതിഷ്ഠിച്ചു. എന്നാൽ, കൃഷ്ണനെ പ്രതിഷ്ഠിച്ചപ്പോഴും കാവ് ക്ഷേത്രമാക്കിയപ്പോഴും ദേവിയെ ഉപേക്ഷിക്കാൻ പറ്റിയില്ല. പുറത്താക്കിയ ദേവിയെ സൌകര്യപൂർവം ഇടത്തരികത്ത് ആക്കി മാറ്റി. ആദ്യം എടത്തഴിയത്ത് എന്നും ഇന്ന് ഇടത്തരികത്ത് ദേവി എന്നുമാണ് ഇതറിയപ്പെടുന്നത്. ഗുരുവായൂർ ക്ഷേത്രത്തിന്‍റെ നാഥ ഈ ദേവിയാണ് എന്നതാണ് രസകരം.

മാറ്റിയ തന്ത്രം

യേശുദാസ് മതംമാറി സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മതിയെന്നു പറഞ്ഞ തന്ത്രി കുടുംബത്തിനായിരുന്നില്ല ആദ്യകാലത്ത് ഗുരുവായൂര്‍ തന്ത്രാധികാരം. ആദ്യകാലത്ത് പുലിയന്നൂര്‍ ഇല്ലത്തിനായിരുന്നത്രെ തന്ത്രാധികാരം. പിന്നീട് സാമൂതിരി അമ്പലത്തിന്‍റെ ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിയില്‍നിന്നും ഗുരുവായൂര്‍ പിടിച്ചെടുത്തപ്പോള്‍, തന്‍റെ തന്നെ പണ്ഡിതസദസ്സിലെ അംഗവും തന്ത്രസമുച്ചയത്തിന്‍റെ കര്‍ത്താവുമായ ചേന്നാസിനെ തന്ത്രിയാക്കി എന്നും പറഞ്ഞുവരുന്നു. (പി.ജി. രാജേന്ദ്രന്‍, ക്ഷേത്രവിജ്ഞാനകോശം).

അടച്ചുപൂട്ടിയ അമ്പലം

ജാതിവിവേചനത്തിനും അയിത്തത്തിനുമെതിരെ കേരളത്തില്‍ നടന്ന ഐതിഹാസിക സമരങ്ങള്‍ പ്രധാനപ്പെട്ടവയെല്ലാം ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു. അതിന്‍റെ ആദ്യത്തെ വലിയ മാതൃക വൈക്കം സത്യഗ്രമായിരുന്നു. പിന്നീട് അതേ മാതൃകയില്‍ ഗുരുവായൂര്‍ സത്യഗ്രഹം നടന്നു. രണ്ടു സമരങ്ങളിലും സത്യഗ്രഹികളെ കണക്കിന് ഭേദ്യം ചെയ്തു. വൈക്കം സത്യഗ്രഹത്തില്‍ സമരക്കാര്‍ അനുഭവിച്ച യാതനനോക്കുക: “നിരോധനാജ്ഞ ലംഘിച്ച് പ്രസംഗിച്ചവരെ ഗവര്‍മെണ്ട് അറസ്റ്റു ചെയ്തു ജയിലില്‍ അടച്ചു. ഭയങ്കരവും അസാധാരണവുമായ പേമാരി ഏറ്റും വെള്ളപ്പൊക്കത്തില്‍ നെഞ്ചറ്റം വെള്ളത്തില്‍ നിന്നു വിഷജന്തുക്കളുടെ ദംശനം സഹിച്ചും സത്യാഗ്രഹം അനുഷ്ഠിക്കേണ്ടിവന്നു. ഗാന്ധിദാസ്സ് മുത്തുസ്വാമിയുടെ ചെണ്ട കുത്തിക്കീറി ആ ധര്‍മഭടനെ കഴുത്തിന് ഞെക്കിയും പ്രഹരിച്ചും ഉപദ്രവിച്ചു. വാളണ്ടിയര്‍ ക്യാപ്റ്റന്‍ ശിവശൈലത്തിനെ ഇഷ്ടികകൊണ്ട് ഇടിച്ചു. നാരായണപ്പണിക്കരെ മരത്തോടു ചേര്‍ത്തിടിച്ചു. നാഭിക്കു ചവിട്ടി. കെ.പി. കേശവപിള്ളയെ ഇടിച്ചു ചോര ഛര്‍ദിപ്പിച്ചു. ചിറ്റേടത്തു ശങ്കുപ്പിള്ളയെ നിര്‍ദയമായി മര്‍ദിച്ചു മരണത്തിന് ഇരയാക്കി. ശ്രീമാന്‍ രാമനിളയതിന്‍റെ രണ്ടു കണ്ണിലും പച്ചച്ചുണ്ണാമ്പ് എഴുതി. വഴികളില്‍ ഞെരിഞ്ഞില്‍ മുള്ളുകള്‍ വിതറി. പലരുടേയും വൃഷണങ്ങള്‍ ഞെക്കിപ്പൊട്ടിച്ചു.” (പി.കെ. മാധവന്‍: ടി.കെ.മാധവന്‍റെ ജീവചരിത്രം , പി. ഭാസ്കരനുണ്ണി-കേരളം ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍). ഇത്രയൊന്നും യാതന പക്ഷേ, ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ ഹിന്ദു സമൂഹം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന സംഭവം നടന്നത് ഗുരുവായൂര്‍ സത്യഗ്രത്തിലാണ്. വൈക്കത്തെ പ്രമാണിയായ ഇണ്ടംതുരുത്തി നമ്പ്യാതിരിയുടെ ഉടമസ്ഥതയിലായിരുന്നു വൈക്കം ക്ഷേത്രം. സാമൂതിരിയുടേതായിരുന്നു ഗുരുവായൂര്‍. എന്നാല്‍ ചരിത്രം ക്രൂരനെന്നു വിളിക്കുന്ന ഇണ്ടംതുരുത്തി നമ്പ്യാതിരി ഒരിക്കല്‍ പോലും ജഗത്തിന്‍റെ പിതാവായ പരമേശ്വരന്‍റെ പൂജ മുടക്കിയിരുന്നില്ല. എന്നാല്‍ സത്യഗ്രഹികളോടുള്ള അന്ധമായ വിരോധം നിമിത്തം അമ്പലപ്രേമികളായ സാമൂതിരിമാര്‍ ഏതാണ്ട് ഒരു മാസക്കാലം ഗുരുവായൂര്‍ അമ്പലം അടച്ചിട്ടു! കേട്ടാല്‍ അവിശ്വസനീയമായി ഇന്നു തോന്നാം. പക്ഷേ, സംഭവിച്ചതതായിരുന്നു. ക്ഷേത്രശ്രീകോവിലിലുള്ള ദേവന്‍ അന്നവും നീരും കിട്ടാതെ അന്നേരം അവിടെനിന്നു പടിയിറങ്ങിട്ടുണ്ടാവില്ലേ? സാമൂഹ്യപരിഷ്കര്‍ത്താക്കളെ നോക്കി കൊ‍‍ഞ്ഞനംകുത്തിയ സാമൂതിരി പെരുമാക്കള്‍ ദേവനെ പട്ടിണിക്കിട്ടാണ് തങ്ങളുടെ കൊതിക്കെറുവ് തീര്‍ത്തത്. അതിന്‍റെ ബാക്കിപത്രമാണ് ഇപ്പോഴും നടമാടുന്നത്. വേണമെങ്കില്‍ ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത ഇക്കൂട്ടര്‍ ക്ഷേത്രം അ‌ടച്ചിടാന്‍വരെ കല്‍പ്പന കൊടുക്കും.

അഹിന്ദുവിന് പ്രവേശനം?

എന്തിനാണ് അഹിന്ദുസഹോദരാ അമ്പലത്തിലേക്കു വരാന്‍ ധൃതി പിടിക്കുന്നത്? ഞങ്ങള്‍ ഹിന്ദുക്കള്‍ക്ക് തന്നെ ഇപ്പോഴും അമ്പലത്തിലേക്കെത്താറായിട്ടില്ല. ഞങ്ങളിലെ ഹിന്ദു യുവതികള്‍ക്ക് ശബരിമലയില്‍ പോകാന്‍ കഴിയുന്നില്ല. ഞങ്ങളിലെ സ്ത്രീകള്‍ക്ക് ചുരിദാറുടുത്ത് പദ്മനാഭസ്വാമിയെ ദര്‍ശിക്കാന്‍ അധികാരമില്ല. ഈ കല്‍പ്പനകള്‍ ഊതിക്കാച്ചിയുരുക്കി വെച്ചത് മറ്റാരുമല്ല, ഞങ്ങള്‍ ഹിന്ദുക്കള്‍ തന്നെയാണ്. എന്നുമാത്രമോ, ഞങ്ങള്‍ ഹിന്ദുക്കളിലെ ജാതിയില്‍ താണവന്‍ എന്ന് ബ്രാഹ്മണനാല്‍ വിളിക്കപ്പെട്ടവരൊന്നും അത്രയധികം കാലമൊന്നുമായിട്ടില്ല അമ്പലങ്ങളില്‍ കയറാന്‍ തുടങ്ങിയിട്ട്. 1936ല്‍ നിന്നും 2018ലേക്ക് കേവലം 82 വര്‍ഷങ്ങള്‍. നൂറ്റാണ്ട് തികഞ്ഞില്ല എന്നുതന്നെ പറയാം. അന്നായിരുന്നു തിരുവിതാംകൂര്‍ രാജാവ് ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചത്. ഈ വിളംബരത്തിന്‍റെ കഥയറിയാമോ? അതു സംഭവിച്ചതു തിരുവിതാംകൂര്‍ രാജാവിന്‍റെ സമൂഹത്തിനോടുള്ള പ്രതിബന്ധതകൊണ്ടൊന്നുമായിരുന്നില്ല. പിന്നേയോ, ”അഭിപ്രായം ഇരുമ്പുലക്കയല്ലെന്നു” മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ച, സമുദായ പരിഷ്കര്‍ത്താവായ സി.വി. കുഞ്ഞുരാമന്‍റെ ഭീഷണിയാണ്. ഇനിയും ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കില്‍ താനും തന്‍റെ സമുദായവും കൃസ്തുമതത്തില്‍ ചേരുമെന്നു കുഞ്ഞുരാമന്‍ പ്രഖ്യാപിച്ചു. മരാമണ്‍ കണ്‍വന്‍ഷനില്‍ മുപ്പതിനായിരത്തോളം പേരെ അഭിസംബോധന ചെയ്താണ് അദ്ദേഹം, തന്റെ സമുദായം ഒന്നടങ്കം മതംമാറിയാലും ഇല്ലെങ്കിലും താന്‍ വൈകാതെ ക്രിസ്തുമതത്തിലേക്കു മാറാന്‍ പോകുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ഈ വാര്‍ത്ത കേട്ട് ദേശസ്നേഹിയും അന്നത്തെ ദിവാനുമായ സര്‍ സി.പി. രാമസ്വാമി അയ്യര്‍ അസ്വസ്ഥനായതിന്‍റെ ഫലമാണ് ക്ഷേത്രപ്രവേശന വിളംബരം. അല്ലാതെ ഹിന്ദു പരിഷ്കരണവാദികളുടെ കറകളഞ്ഞ സാമൂഹ്യപ്രതിബദ്ധതയായിരുന്നില്ല അത്. ജാതിയുടെ പേരില്‍, അമ്പലത്തിന്‍റെ പേരില്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ ഹിന്ദുക്കളില്‍നിന്നു തന്നെ ഏറ്റുവാങ്ങിയ കഷ്ടതകള്‍ക്ക് അറുതിയില്ല സാര്‍. അമ്പലത്തിനടുത്തുകൂടെ വഴിനടന്നാല്‍, അമ്പലത്തിനടുത്തെ വയലില്‍ പണിക്കുപോയാല്‍, ക്ഷേത്രക്കുളത്തിനടുത്തു നിന്നാല്‍, ബ്രാഹ്മണന്‍ നടന്നു വരുമ്പോള്‍ വഴി മാറിയില്ലെങ്കില്‍, ചന്തയില്‍ പോയി സാധനങ്ങള്‍ വാങ്ങിയാല്‍, ചായക്കടയില്‍ ചെന്നു ചായ ചോദിച്ചാല്‍ എല്ലാം എല്ലാം കൊടിയ അപരാധമായിരുന്നു സാര്‍. ഇതിനുള്ള ശിക്ഷ അടിയായിരുന്നു. അതിനുശേഷം പിഴ! ഇന്നും അതൊക്കെത്തന്നെയാണ് ഞങ്ങളുടെ അമ്പലങ്ങളില്‍ നടക്കുന്നത്. അധികാരവും പണവുമുണ്ടെങ്കില്‍ ആര്‍ക്കും എവിടേയും കടന്നുചെല്ലാം. അല്ലാത്തവന്‍ കാത്തിരിക്കണം. ഇങ്ങനെയുള്ള ദേവസ്ഥാനത്തിലേക്ക് എത്തണമെന്നു നിങ്ങളെന്തിനാണ് വാശിപിടിക്കുന്നത്? വേണ്ടിവന്നാല്‍ ഞങ്ങള്‍ പുതിയകാലത്തിന്‍റെ ആയുധം പുറത്തെടുക്കും. അതാണ് ഹാഷ് ടാഗ് വിപ്ലവം.

LEAVE A REPLY

Please enter your comment!
Please enter your name here