ന്യൂയോര്‍ക്ക്: നവ കേരള നിര്‍മ്മാണ പദ്ധതിയെക്കുറിച്ച് അമേരിക്കന്‍ മലയാളി നേതാക്കളുടെ കൂട്ടായ്മയില്‍ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ ആശയങ്ങള്‍ പങ്കുവെച്ചു. ചികിത്സ കഴിഞ്ഞു തിരിച്ചു പോകുന്ന മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെ റോക്ക് ലെന്‍റ് കൗണ്ടിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ബാന്‍ക്വറ്റ് ഹാളില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയിലെ വിവിധ സംഘടനാ നേതാക്കളുടെയും, മതമേലദ്ധ്യക്ഷന്‍മാരുടെയും, വ്യവസായ പ്രമുഖരുടെയും, പ്രസ്സ് ക്ലബ് ഭാരവാഹികളുടെയും മുഖാമുഖം പരിപാടിയിലാണ് തന്റെ ആശയങ്ങള്‍ മുഖ്യമന്ത്രി പങ്കുവെച്ചത്.

പ്രളയ ദുരിതം സംഭവിച്ച നിര്‍ണ്ണായക നിമിഷത്തില്‍ കേരള ജനത എല്ലാം മറന്ന് ഒറ്റക്കെട്ടായി നിന്നതും, പരസ്പരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെയും, പണവും വിഭവ സമാഹരണവുമായി മുന്നോട്ട് വന്ന അഭൂതപൂര്‍വ്വമായ അനുഭവത്തെക്കുറിച്ചും പൊതുവെ സൗമ്യനായ മുഖ്യമന്ത്രി വാചാലനായി. പറ്റെ തകര്‍ന്ന കേരളം പുനര്‍ സൃഷ്ടിക്കാന്‍ ധാരാളം പണം വേണം. അതി സമ്പന്നമായ അമേരിക്കയിലെ മെച്ചപ്പെട്ട ജീവിതം നയിക്കുന്ന മലയാളികളുടെ സഹായ സഹകരണമാണ് പ്രതീക്ഷ.മുഖ്യമന്ത്രി സൂചിപ്പിച്ചു.

നന്മയെ പ്രതിനിധീകരിച്ച് സംസാരിച്ചപ്പോള്‍ ,നന്മ നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ വിശദീകരിച്ച കൂട്ടത്തില്‍ സമാഹരിച്ച പണം രാഷ്ടീയ ,ഉദ്യോഗസ്ഥ ലോബിയുടെ കരങ്ങളില്‍ കുടുങ്ങാതെ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിക്കുന്ന കാര്യത്തിലും, നവകേരള സൃഷ്ടിയുടെ കൂട്ടത്തില്‍ റോഡ്, റെയില്‍, ജല ഗതാഗത കാര്യത്തിലും, വേയ്സ്റ്റ് മാനേജ്‌മെന്റിലും മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. പ്രഗല്‍ഭരായ അമേരിക്കന്‍ നേതാക്കള്‍ കൂടാതെ നന്മ ഭാരവാഹികളായ സമദ് പൊന്നേരി, മെഹബൂബ് കിഴക്കേപ്പുര, അബ്ദു വടക്കേത്ത് തുടങ്ങിയവരും സംബന്ധിച്ചു.
യു.എ.നസീര്‍, ന്യൂയോര്‍ക്ക് അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here