കൊച്ചി:തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ മാണിക്കെതിരെ തെളിവുണ്ടായിരുന്നുവെന്ന് ജേക്കബ് തോമസ്. കേസ് മൂന്ന് ഘട്ടങ്ങളിലായി അട്ടിമറിക്കപ്പെട്ടു. ഈ സര്‍ക്കാര്‍ അഴിമതിക്കേസുകള്‍ കൂട്ടത്തോടെ എഴുതിതള്ളുകയാണ്. കേസ് എഴുതിതള്ളുന്ന സ്ഥാപനമായി വിജിലന്‍സ് മാറിയെന്നും ജേക്കബ് തോമസ് പറഞ്ഞു.

മുന്‍ വിജിലന്‍സ് ഡയറക്ടര്‍മാര്‍ക്കെതിരെ അന്വേഷണം വേണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു. എസ്പി സുകേശന്‍ ശരിയായ രീതിയിലാണ് കേസ് അന്വേഷിച്ചിരുന്നത്. കേസ് അട്ടിമറിച്ചവര്‍ക്ക് ഉന്നത സ്ഥാനങ്ങള്‍ കിട്ടി. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നു. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ക്കായാണ് കാത്തിരുന്നത്. അപ്പോഴേയ്ക്കും തന്നെ നിര്‍ബന്ധിത അവധിയെടുപ്പിച്ചുവെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.

2014 ഡിസംബര്‍ പത്തിനായിരുന്നു മാണിയെ പ്രതിയാക്കി കൊണ്ട് ബാര്‍ കോഴക്കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ബാറുടമ ബിജു രമേശ് നടത്തിയ ആരോപണത്തെ തുടര്‍ന്നായിരുന്നു കേസ്. യുഡിഎഫ് കാലത്തുള്‍പ്പെടെ മൂന്നു അന്വേഷണ റിപ്പോര്‍ട്ടുകള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോപണം വലിയ രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സമര്‍പ്പിച്ച രണ്ടു റിപ്പോര്‍ട്ടിലടക്കം മൂന്നിലും തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ നിലപാട്.

ബാര്‍ക്കോഴ കേസില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി!. കോടതി ഉത്തരവ് അനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കോടതി അന്തിമമായി പറഞ്ഞങ്കിലേ ഒരാള്‍ കുറ്റക്കാരനാകുന്നുള്ളൂ എന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം.മാണി പറഞ്ഞു. എല്‍ഡിഎഫ്യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി മൂന്നു തവണ കേസ് അന്വേഷിച്ചതാണ്. ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെയെന്നും കോടതി വിധിയിലോ അന്വേഷണത്തിലോ തനിക്ക് വിഷമമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here