ഡാളസ്: ഒരു പുതുവ൪ഷം കൂടി സമാഗതമായിരിക്കുന്നു. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പൊ൯കിരണങ്ങൾ നമ്മെ പുതിയൊരു പുലരിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്. കൗശലക്കാരനായ ഒരു മായാജാലക്കാരെനപ്പോലെ കാലം നമുക്കായി പല വിസ്മയങ്ങളും കയ്യിൽ കരുതിവച്ചിട്ടുണ്ടാവാം. സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാനും സുഖദുഃഖങ്ങൾ പങ്കുവെയ്ക്കാനും ശ്രമിക്കുക. സഹായിക്കുക എന്നതിനേക്കാൾ വലിയ കാര്യമാണ് ആരെയും ഉപദ്രവിക്കാതിരിക്കുക എന്നതും, അതുപോലെ  ഒരിക്കലും നാം നമ്മളിലേയ്ക്ക്  മാത്രം ചുരുങ്ങാതിരിക്കുക. ഇന്നലെകളിലെ സ്വപ്നങ്ങൾ പൂവണിയാനും, ഇന്നത്തെ ആഗ്രഹങ്ങൾ നിറവേറാനും, നാളെയുടെ പ്രതീക്ഷകളെ ഊട്ടിവള൪ത്താനും നമുക്ക് കഴിയട്ടെയെന്നു ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഫോമായുടെ പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ഫോമാ പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.  
കഴിഞ്ഞ ഒരു വർഷക്കാലമത്രയും നമ്മൾ അല്പം സന്തോഷങ്ങളിലൂടെയും അധികം സങ്കടങ്ങളിലൂടെയും കടന്നു പോയി. ഓർമ്മിക്കാൻ ആഗ്രഹിക്കാത്ത യാതനകളും, ശുഭാപ്തി വിശ്വാസത്തിന്റെ നാളുകളും ആയിരുന്നു അതിൽ അധികവും. 2018 ലെ മഹാപ്രളയം മലയാളികൾക്ക് ഓർമ്മിക്കാൻ കഴിയുക ഒരു തുള്ളി കണ്ണീരോടു കൂടി മാത്രമാണ്. പ്രളയദിനത്തില്‍ ആദ്യസഹായവുമായി എത്തിയത് ഫോമായുടെ ചാരിറ്റി വിങ്ങായിരുന്നു. ഓഗസ്റ്റ് മാസം ഉണ്ടായ മഹാപ്രളയത്തിന്റെ ആഘാതത്തിൽ നിന്നും മലയാളികൾ മുക്തരായിട്ടില്ല. എന്നാൽ നാം ഏവരും ഒറ്റകെട്ടായി നിന്ന് ഒരു “നവകേരളം” സൃഷ്ടിക്കാനുള്ള ദൃഡപ്രതിജ്ഞ എടുത്തിരിക്കുകയാണ്. അതിൽ ഫോമയിലെ ഓരോ അംഗങ്ങളുടെയും ആത്മസമർപ്പണം പ്രശംസനാതീതമാണ്.  പ്രളയദുരിതത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി ഫോമ, വില്ലേജ് പദ്ധതിയുമായി മുന്നില്‍ തന്നെയുണ്ട്‌. ഈ പദ്ധതി അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഒരു ചാരിറ്റി പദ്ധതിയായി അറിയപ്പെടും. ഇതുകൂടാതെ, ഫോമാ മെഡിക്കല്‍ കമ്മറ്റി രൂപീകരിച്ചുകൊണ്ട്‌,  കിഡ്നി മാറ്റിവെയ്ക്കല്‍ ഉള്‍പ്പെടെയുള്ള സൗജന്യ സര്‍ജറികളും നടത്തുവാന്‍ ഫോമാ മുന്നിട്ടിറകഴിഞ്ഞു. ഫോമായുടെ അസൂത്രണപദ്ധതികളില്‍,  എക്സിക്യൂട്ടീവ് അംഗങ്ങളുടെയും, നാഷണല്‍ കമ്മറ്റിയംഗങ്ങളുടെയും, മുന്‍ നേതാക്കന്മാരുടെയും, അഭ്യുദയകാംക്ഷികളുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്‍ നിര്‍ലോഭം കിട്ടുന്നതിലുള്ള കൃതജ്ഞത പ്രസിഡന്റ്‌ ഫിലിപ്പ് ചാമത്തില്‍ ഈ അവസരത്തില്‍ അനുസ്മരിച്ചു.
വരുന്ന ഒരു നല്ല നാളെക്കായി, പുതുവർഷപ്പിറവിക്കായി, ശുഭാപ്തി വിശ്വാസത്തോടെ, ഊർജസ്വലതയോടെ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃക, കർമ്മം കൊണ്ട് ലോകത്തിനു കാണിച്ച മലയാളികൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും സൗഭാഗ്യങ്ങളും നന്മകളും ഈ പുതുവത്സരത്തില്‍ നേരുന്നതായി സെക്രെട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്‌, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്‌, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവരും അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here