ചിക്കാഗോ: ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണത്തെത്തുടര്‍ന്നു നടക്കുന്ന കലാപത്തില്‍ ചിക്കാഗോയില്‍ രണ്ട് പേര്‍ വെടിയേറ്റു മരിച്ചു. നേരത്തെ ഡിട്രോയിറ്റ്, ഇന്ത്യനാപ്പോലിസ്, ഓക്ക്‌ലന്‍ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരും വെടിയേറ്റു മരിച്ചിരുന്നു.

ന്യു യോര്‍ക്ക് അടക്കം 40 നഗരങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പ്ടുത്തി. ആവശ്യമെങ്കില്‍ പട്ടാളത്തെ അയക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് മുന്നറിയിപ്പ് നല്കി. വാഷിംഗ്ടണ്‍ അടക്കമുള്ള നഗരങ്ങളില്‍ അരങ്ങേറിയ പ്രതിഷേധം അങ്ങേയറ്റം കളങ്കം വരുത്തിവച്ചുവെന്ന് ട്രംപ് പറഞ്ഞു. കലാപവും കൊള്ളയും പൊതുമുതല്‍ നശിപ്പിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരക്കാരെ നേരിടാന്‍ വേണ്ടിവന്നാല്‍ സായുധരായ സൈന്യത്തേയും പോലീസിനെയും ഇറക്കുമെത്തും ട്രംപ് പറഞ്ഞു.

ഏതെങ്കിലും നഗരം പോലീസിനെ വിന്യസിക്കാന്‍ തയ്യാറായില്ലെങ്കില്‍ സൈന്യത്തെ ഇറക്കി പ്രശ്‌നം പരിഹരിക്കാന്‍ തനിക്കറിയാം. ഈ ഭീകരപ്രവര്‍ത്തനത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍കൊണ്ടുവന്ന് ശിക്ഷിക്കുമെന്നും ട്രംപ് പറഞ്ഞു.

ഫ്‌ളോയിഡ് (46) മരിച്ചത് കഴുത്ത് ഞെരിഞ്ഞമര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ബലമായി കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ കഴുത്ത് ഞെരിഞ്ഞ് ശ്വാസം എടുക്കാന്‍ കഴിയാതെ വരികയും ഹൃദയം സ്തംഭിച്ചു മരണം സംഭവിക്കുകയായിരുന്നു. ക്രൂരമായ നരഹത്യയാണ് നടന്നിരിക്കുന്നതെന്നും ഹെന്നെപ്പിന്‍ കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ജോര്‍ജിന് ഹൃദയസംബന്ധമായ മറ്റ് അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. വേദനസംഹാരികളും മറ്റു മരുന്നുകളും കഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് അന്തിമ തീരുമാനമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിനിസോട്ടയിലെ നിയമമനുസരിച്ച്, മെഡിക്കല്‍ എക്‌സാമിര്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ സംവിധാനമാണ്.

പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്.
വൈറ്റ് ഹൗസില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തി. 2001 സെപ്റ്റംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇത്രവലിയ സുരക്ഷഒരുക്കുന്നത്.
പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ബഹുരാഷ്ട്ര കമ്ബനികളുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍മാര്‍.

മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യാ നാദെല്ലയും, ആപ്പിളിന്റെ സിഇഒ ടിം കുക്കും, ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചൈയുമാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വന്നിരിക്കുന്നത്.

ആഫ്രിക്കന്‍ അമേരിക്കക്കാര്‍ക്കു ഉറച്ച പിന്തുണയുമായി വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയില്‍. മറ്റുള്ളവരെപ്പോലെ കറുത്തവര്‍ക്കും ജീവിക്കാന്‍ അര്‍ഹതയുണ്ടെന്നുംവര്‍ണ വിവേചനക്കാര്‍ തുലയട്ടെ എന്നും ക്രിസ് ഗെയില്‍ രേഖപ്പെടുത്തി.

ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും വര്‍ണവിവേചനം നിലനില്‍ക്കുന്നുണ്ട്. ഒരു ടീമിനുള്ളില്‍ തന്നെയുണ്ടാകും ഇത്തരം വിവേചനങ്ങള്‍. കറുത്തവര്‍ ശക്തരാണ്, അഭിമാനമുള്ളവരാണ്- ഗെയില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫോര്‍മുല വണ്‍ ലോക ചാംപ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രൈക്കര്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് തുടങ്ങി നിരവധി താരങ്ങള്‍ വര്‍ണവിവേചനത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here