കൊച്ചി∙ ഫോർട്ട് കൊച്ചി ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. അപകടത്തെത്തുടര്‍ന്ന് കാണായതായ കുമ്പളങ്ങി സ്വദേശി ഫൗസിയയുടെയും മട്ടാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്‍റെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. കൊച്ചി കമാലക്കടവ് ഭാഗത്ത് നിന്ന് തീരദേശ പൊലീസിന്‍റെ പെട്രോളിങിനിടെ ഫൗസിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ തിരച്ചിലിലാണ് സെബാസ്റ്റ്യന്‍ ഷില്‍ട്ടണ്‍ന്‍റെ മൃതദേഹം കണ്ടെടുത്തത്.

പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ഇന്ന് തന്നെ വിട്ട് നല്കും. അപകടത്തെത്തുടര്‍ന്ന് കാണാതായിയെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കിയ മൂന്ന് പേരുടെ മൃതദഹങ്ങള്‍ ഇതോടെ കണ്ടെടുത്തു. ഇന്നലെ രണ്ടുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിരുന്നു. മഹാരാജാസ് കോളജ് വിദ്യാര്‍ഥിനി സുജീഷ, ഫോർട്ട് കൊച്ചി സ്വദേശി വിജയൻ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അതേസമയം, യാത്രാബോട്ടിലിടിച്ച മൽസ്യബന്ധന ബോട്ടിന്റെ സ്രാങ്കിനെ ഇന്നലെഅറസ്റ്റു ചെയ്തു. കണ്ണമാലി സ്വദേശി ജോണിക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. ലൈസൻസില്ലാത്തയാളെ ബോട്ടോടിക്കാൻ നിയോഗിച്ചതിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

ഫോർട്ട് കൊച്ചിയിൽ യാത്രാ ബോട്ടിൽ മൽസ്യബന്ധന ബോട്ട് വന്നിടിക്കുന്ന ചിത്രങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. തടികൊണ്ടു നിർമിച്ച ബോട്ട് ഇരുമ്പുകൊണ്ടു നിർമിച്ച കൂറ്റൻ വള്ളം ഇടിച്ചതോടെ കുറുകെ പിളർന്നു മുങ്ങുകയായിരുന്നു. അതേസമയം, ബോട്ടിന് 2017 വരെ ഫിറ്റ്നസ് ലഭിച്ചിട്ടുണ്ടെന്ന് ബോട്ടുടമകളിലൊരാളായ അബു അറിയിച്ചു. നിയമാനുസൃതമായ പരിശോധനകൾ പൂർത്തീകരിച്ചിട്ടണ്ട്. ഇത്രയും കാലപ്പഴക്കമുള്ള സർക്കാർ ബോട്ടുകളും സർവീസ് നടത്തുന്നുണ്ടെന്നും അബു വ്യക്തമാക്കി.

വൈപ്പിനിൽ നിന്നു ഫോർട്ട് കൊച്ചിയിലേക്കു പോയ യാത്രാബോട്ടിൽ മീൻപിടിത്ത വള്ളം ഇടിച്ചുകയറി ബോട്ട് മുങ്ങിയാണ് അപകടമുണ്ടായത്. മുപ്പതോളം പേർ രക്ഷപ്പെട്ടു. വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്ന 19 പേരിൽ രണ്ടു കുട്ടികള‌ടക്കം നാലു പേരുടെ നില ഗുരുതരമാണ്. കൊച്ചി അഴിമുഖത്ത് 15 മീറ്ററോളം ആഴമുള്ള ഭാഗത്തായിരുന്നു അപകടം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here