ഇസ്‌ലാമാബാദ്∙ നിലവിൽ പാക്കിസ്ഥാന്റെ ഏക ബാഹ്യശത്രു ഇന്ത്യ മാത്രമാണെന്ന് പാക്ക് സൈന്യം. റാവൽപിണ്ടിയിലെ സംയുക്ത സൈനിക ആസ്ഥാനത്ത് സന്ദർശനത്തിനെത്തിയ പാർലമെന്ററി കമ്മിറ്റിയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് നിലവിൽ പാക്കിസ്ഥാന് ഭീഷണി ഉയർത്തുന്ന ഏക ബാഹ്യശത്രു ഇന്ത്യയാണെന്ന് പരാമർശമുള്ളത്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ അടുത്തിടെ നടത്താനിരുന്ന ചർച്ച റദ്ദാക്കിയതോടെ പരസ്പര ബന്ധം കൂടുതൽ കലുഷിതമായിരിക്കുകയാണെന്നും സൈന്യം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

സെനറ്റർ മുഷാഹിദ് ഹുസൈൻ സയീദിന്റെ നേതൃത്വത്തിലുള്ള സെനറ്റ് ഡിഫൻസ് കമ്മിറ്റിയ്ക്ക് മുന്‍പാകെയാണ് പാക്ക് സൈനിക നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഇന്ത്യ 100 ബില്ല്യൺ യുഎസ് ഡോളറിന്റെ ആയുധങ്ങൾ വാങ്ങിക്കൂട്ടിയ കാര്യം ചൂണ്ടിക്കാട്ടിയ പാക്ക് സൈനിക നേതൃത്വം ഇതിലുള്ള ആശങ്കയും സെനറ്റ് അംഗങ്ങളെ അറിയിച്ചു. ഇതിൽ 80 ശതമാനം ആയുധങ്ങളും ഇന്ത്യ വാങ്ങിയിരിക്കുന്നത് പാക്കിസ്ഥാനെ മാത്രം ലക്ഷ്യമിട്ടാണ്. ഇന്ത്യയുടെ ഈ ആയുധഭ്രമം തുടരുമെന്നും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വീണ്ടും 100 ബില്യൺ യുഎസ് ഡോളറിന്റെ ആയുധങ്ങൾകൂടി ഇന്ത്യ വാങ്ങുമെന്നും പാക്ക് സൈനിക നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു.

നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ ഇറക്കുമതി രാജ്യമായ ഇന്ത്യ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം ഇരട്ടിയിലധികമാക്കിയിരുന്നു. ഇന്ത്യയുടെ ഈ വർഷത്തെ പ്രതിരോധ ബജറ്റ് 40.07 ബില്യൺ യുഎസ് ഡോളറിന്റേതാണെന്നും പാക്ക് ദേശീയ ദിനപത്രമായ ദ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഈ മേഖലയിലെ വളർച്ച വിലയിരുത്തി അതിനനുസരിച്ച് മറുതന്ത്രം മെനയണമെന്നും സൈനിക നേതൃത്വം സെനറ്റർമാരോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here