കൊളംബോ ∙ ഓണസദ്യയ്ക്കു മുൻപു തന്നെ നല്ല മധുരപ്പായസം വിരാട് കോഹ്‌ലി രുചിച്ചു കഴിഞ്ഞു. ടെസ്റ്റ് ടീം ക്യാപ്റ്റനെന്ന നിലയിൽ ആദ്യ ജയം. 22 വർഷത്തിനു ശേഷം ലങ്കൻ മണ്ണിൽ ടെസ്റ്റ് ജയം എന്ന സദ്യയാണ് ഇനി കാത്തിരിക്കുന്നത്. ആദ്യ ടെസ്റ്റ് ലങ്കയും രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചതോടെ പരമ്പര 1–1 എന്ന നിലയിൽ അങ്ങോട്ടുമിങ്ങോട്ടും ഊഞ്ഞാലാടി നിൽക്കുന്നു.

സിംഹളീസ് സ്പോർട്സ് ക്ലബ്ബിൽ ഇന്നു തുടങ്ങുന്നത് ചരിത്രം പേരിലാക്കാനുള്ള വടംവലിയാണ്. വിജയം വലിച്ചിട്ട് 22 വർഷം മുൻപുള്ള ചരിത്രം ആവർത്തിക്കാനാകും ഇന്ത്യയുടെ ശ്രമം. ലങ്കൻ മണ്ണിൽ ഇന്ത്യ ഒരു ടെസ്റ്റ് പരമ്പര ജയിച്ചിട്ട് അത്ര കാലമായി. 1993ൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ നായകത്വത്തിലായിരുന്നു അത്. ചരിത്രം കയ്യിൽ നിന്നു പോകാതിരിക്കണമെങ്കിൽ ലങ്കയ്ക്കു ജയം വേണ്ട–സമനില മതി. പക്ഷേ, ഇതിഹാസ താരം കുമാർ സംഗക്കാരയ്ക്കു നല്ലൊരു സമ്മാനം നൽകാനുള്ള ആഗ്രഹം അവർക്കുണ്ട്. സംഗ വിടപറഞ്ഞ രണ്ടാം ടെസ്റ്റിൽ 278 റൺസിനാണ് ലങ്ക തോറ്റത്. ഉപുൽ തരംഗയാണ് മൂന്നാം ടെസ്റ്റിൽ സംഗയ്ക്കു പകരം ടീമിൽ.

കോഹ്‌ലിയുടെ അഞ്ചു ബോളർ സിദ്ധാന്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയർന്നു കഴിഞ്ഞു. ഗോളിൽ വിതച്ചത് കൊളംബോയിലാണ് പക്ഷേ കോഹ്‌ലി കൊയ്തത്. രവിചന്ദ്ര അശ്വിന്റെ നേതൃത്വത്തിൽ രണ്ട് ഇന്നിങ്സുകളിലായി ലങ്കയുടെ 20 വിക്കറ്റും ഇന്ത്യൻ ബോളർമാർ വീഴ്ത്തി. ഗോളിലെ കൂടി കണക്കെടുത്താൽ നാല് ഇന്നിങ്സുകളിൽ നിന്നായി 18 വിക്കറ്റാണ് അശ്വിന്റെ കയ്യിൽ. അശ്വിനൊപ്പം പന്തെറിഞ്ഞ അമിത് മിശ്രയും രണ്ടാം വരവ് മികച്ചതാക്കി–12 വിക്കറ്റുകൾ. പേസ് ബോളിങ് കൂട്ടുകെട്ടായി ഇഷാന്ത് ശർമയും ഉമേഷ് യാദവും. അഞ്ചാം ബോളറായി ഓൾറൗണ്ടർ കൂടിയായ സ്റ്റുവർട്ട് ബിന്നിക്കു സാധ്യത. ഹർഭജൻ വീണ്ടും പുറത്തിരിക്കേണ്ടി വരും.

ബാറ്റിങ്ങിൽ ഇന്ത്യയുടെ ലൈനപ്പ് ഇതു വരെ ഉറച്ചിട്ടില്ല. എല്ലാവരെയും സ്ഥാനം മാറ്റി പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ് കോഹ്‌ലി. മുരളി വിജയ്ക്കും ശിഖർ ധവാനും പരുക്കേറ്റതിനാൽ ഓപണിങ്ങിൽ ലോകേഷ് രാഹുലിനൊപ്പം ചേതേശ്വർ പൂജാരയ്ക്ക് അവസരം കിട്ടിയേക്കും. ഫോമിലല്ലാത്ത രോഹിത് ശർമ പിന്നോട്ടിറങ്ങി അ‍ജിങ്ക്യ രഹാനെ മൂന്നാമനായി ഇറങ്ങും. ഇരുവർക്കുമിടയിൽ ക്യാപ്റ്റൻ കോഹ്‌ലിയും. പൂജാര ഓപ്പണിങ്ങിലേക്കു കയറുന്നതിനാൽ മധ്യനിരയിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാന്‌‍ സാഹയ്ക്കു പകരമെത്തിയ നമൻ ഓജയ്ക്കു സാധ്യത. മലയാളി താരം കരുൺ നായർക്കു തൽക്കാലം ഇടമില്ല.

ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിതമായി ജയിച്ചെങ്കിലും പരമ്പരയിൽ ബാക്ക്ഫൂട്ടിൽ തന്നെയാണ് ശ്രീലങ്ക. കാരണം രണ്ടു ടെസ്റ്റുകളിലെ ഒൻപതു ദിനങ്ങളിൽ എട്ടിലും ഇന്ത്യയ്ക്കു തന്നെയായിരുന്നു മുൻതൂക്കം. ഒറ്റദിനത്തിന്റെ മികവിലായിരുന്നു ആദ്യ ടെസ്റ്റിലെ ജയം.

സംഗയ്ക്കു പകരം തരംഗ ടീമിലെത്തുമ്പോൾ സൂക്ഷ്മമായ ഒരു കണക്കാണ് ലങ്കയെ പേടിപ്പിക്കുന്നത്. സംഗയുടെ നാലു വിക്കറ്റുകളടക്കം അശ്വിന്റെ 12 വിക്കറ്റുകളും ഇടംകയ്യൻമാരുടേതായിരുന്നു. സംഗയ്ക്കു പകരമെത്തുന്ന തരംഗയും ഇടംകയ്യൻ തന്നെ.

LEAVE A REPLY

Please enter your comment!
Please enter your name here