അമേരിക്കയിൽ ദേശീയ ആരോഗ്യ കേന്ദ്രവും മോഡേണയും സംയുക്തമായി വികസിപ്പിച്ച കോവിഡ്‌‌ വാക്‌സിൻ അവസാനഘട്ട പരീക്ഷണത്തിലേക്ക്‌. 30,000 പേരിലാണ്‌ അന്തിമ പരീക്ഷണം. ആദ്യ 45 സന്നദ്ധ പ്രവർത്തകരിൽ നടത്തിയ പരീക്ഷണത്തിൽ വാക്‌സിൻ പ്രതിരോധശേഷി വർധിപ്പിച്ചതായി കണ്ടെത്തി‌. സന്തോഷ വാർത്തയാണിതെന്ന്‌ അമേരിക്കയിലെ പകർച്ചവ്യാധി വിഭാഗ തലവൻ ഡോ. ആന്തണി ഫൗസി പറഞ്ഞു.

അവസാനഘട്ട പരീക്ഷണം 27ന്‌ തുടങ്ങും. മാർച്ചിൽ വാക്‌സിൻ പരീക്ഷിച്ച 45 പേരിലും കോവിഡിനെ നിർവീര്യമാക്കുന്ന പ്രതിവസ്‌തു ഉൽ‌പാദിപ്പിച്ചതായി കണ്ടെത്തി. ഇത്‌ രോഗമുക്തി നേടിയവരുടേതിന്‌ സമമായിരുന്നു. കാര്യമായ പാർശ്വഫലങ്ങളില്ല. ചിലർക്ക്‌, മറ്റ്‌ പല വാക്‌സിനുകൾക്കുമുള്ള പനിപോലുള്ള പ്രതികരണങ്ങൾ കണ്ടിരുന്നു. ഒരു മാസം ഇടവിട്ട്‌ രണ്ട്‌ തവണയാണ്‌ വാക്‌സിൻ സ്വീകരിക്കേണ്ടത്‌. വർഷാവസാനത്തോടെ പരീക്ഷണഫലം അറിയാനാകുമെന്നാണ്‌ ശാസ്‌ത്രജ്ഞർ കരുതുന്നത്‌.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട്‌ ഡസനോളം സാധ്യതാ വാക്സിനുകളാണ്‌ പരീക്ഷണത്തിൽ നിർണായക ഘട്ടത്തിലുള്ളത്‌. ചൈനയുടെയും ബ്രിട്ടനിൽ ഓക്‌സ്‌ഫഡിന്റെയും പരീക്ഷണങ്ങളും അവസാന ഘട്ടത്തിലേക്ക്‌ കടക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here