ന്യൂഡൽഹി : ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓഗസ്റ്റ് മുതൽ ഇന്ത്യയിൽ നടക്കുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഇതിനായുള്ള അനുമതി തേടിയതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും സിറം ഇൻസ്റ്റിറ്റ്യൂട്ടും തമ്മിൽ ഉത്പാദന കരാറിലേർപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 100 കോടി ഡോസ് വാക്സിൻ നിർമിക്കാൻ ശ്രമിക്കുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദർ പൂനവാല പറഞ്ഞു. ഓക്സ്ഫഡ് വാക്സിൻ പരീക്ഷണം വിജയിച്ചാൽ ഉടൻ തന്നെ വാക്സിൻ ഇന്ത്യയിലും ലഭ്യമാക്കും വൻ തോതിൽ ഉത്പാദിപ്പിക്കാനുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് ശ്രമിക്കുന്നത്.

ഇന്ത്യയിൽ കൊവിഡ് വാക്സിൻ വിതരണത്തിനുള്ള ചർച്ചകൾ തുടങ്ങിയതായി നീതി ആയോഗും അറിയിച്ചു. പരീക്ഷണം തുടരുന്നതിനിടെയാണ് വാക്സിന്റെ വിതരണ ചർച്ചകളും ആരംഭിച്ചിരിക്കുന്നത്. വാക്സിന് വിലനിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യവും ചർച്ച ചെയ്തു. ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്താനൊരുങ്ങുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ തയാറാണെന്നും നീതി ആയോഗ് അറിയിച്ചു. വാക്സിൻ നിർമാതാക്കൾക്ക് വേണ്ട സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള എല്ലാ പിന്തുണയും നൽകുമെന്നും നീതി ആയോഗ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here