അംബാല: റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായ ചടങ്ങില്‍ ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അയല്‍രാജ്യങ്ങള്‍ ഇന്ത്യ നടത്തുന്ന സമാധാന നീക്കത്തിനൊപ്പം നില്‍ക്കണമെന്നും പരമാധികാരം വെല്ലുവിളിക്കാന്‍ ശ്രമിക്കരുതെന്നും രാജ്നാഥ് സിങ് പറഞ്ഞു. വെല്ലുവിളികളില്‍ ഒപ്പം നില്‍ക്കുമെന്നും യുഎന്‍ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായി ഇന്ത്യയെ പിന്തുണയ്ക്കുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറന്‍സ് പാര്‍ലെ വ്യക്തമാക്കി.

ആദ്യ ബാച്ചിലെ അഞ്ച് റഫാല്‍ വിമാനങ്ങളാണ് ഹരിയാന അംബാലയിലെ വ്യോമത്താവളത്തില്‍ നടന്ന ചടങ്ങില്‍ സേനയുടെ ഭാഗമായത്. സര്‍വമത പ്രാര്‍ഥനയോടെയായിരുന്നു തുടക്കം. തുടര്‍ന്ന് വ്യോമാഭ്യാസവും വാട്ടര്‍ സല്യൂട്ടും. റഫാല്‍ ഗോള്‍ഡന്‍ ആരോസ് എന്ന 17ാം നമ്പര്‍ സ്ക്വാഡ്രന്‍റെ ഭാഗമായി. നിര്‍ണായകവേളയിലാണു റഫാലെത്തുന്നതെന്നു വ്യോമസേന മേധാവി ആർ.കെ.എസ്.ഭദൗരിയ പറഞ്ഞു. വ്യോമസേനാ ചരിത്രത്തിലെ പുതിയ അധ്യയമാണെന്നും അദ്ദേഹം പറഞ്ഞു.

റഫാലിന്‍റെ വരവ് അതിരുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുമെന്നു പറഞ്ഞ പ്രതിരോധമന്ത്രി, ചൈനയ്ക്ക് മുന്നറിയിപ്പും നല്‍കി. ഇന്ത്യ– ഫ്രാന്‍സ് സഹകരണത്തിന്‍റെ പ്രതീകമാണ് റഫാലെന്നും ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും ഫ്രഞ്ച് പ്രതിരോധമന്ത്രി വ്യക്തമാക്കി. അഞ്ച് വിമാനങ്ങള്‍ ജൂലൈ 29നാണ് ഫ്രാന്‍സില്‍നിന്ന് ഇന്ത്യയിലെത്തിയത്. അടുത്ത വര്‍ഷം അവസാനത്തോടെ 36 റഫാല്‍ വിമാനങ്ങളും ലഭിക്കുമെന്നാണു പ്രതീക്ഷ. അടുത്ത ബാച്ച് വിമാനങ്ങള്‍ നവംബറില്‍ ഇന്ത്യയിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here