IAPCന്യൂയോര്‍ക്ക്‌: മാധ്യമരംഗത്ത്‌ പുതുചരിത്രം കുറിച്ച്‌ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബിന്റെ (ഐഎപിസി) രണ്ടാമത്‌ അന്താരാഷ്ട്ര മീഡിയ കോണ്‍ഫ്രന്‍സ്‌ സമാപിച്ചു. ന്യൂയോര്‍ക്ക്‌ ലോംഗ്‌ഐലന്‍ഡിലെ ക്ലാരിയോണ്‍ കോണ്‍ഫ്രന്‍സ്‌ സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി വിനീത നായര്‍ വിശിഷ്ടാതിഥിതികളെ സ്വാഗതം ചെയ്‌തു. ഒക്ടോബര്‍ 9 മുതല്‍ 12 വരെ നീണ്ടു നിന്ന കോണ്‍ഫ്രന്‍സിലുടനീളം മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ ഏറെ പ്രയോജനകരമായ സെമിനാറുകളും വര്‍ക്ക്‌ഷോപ്പുകളുമാണ്‌ നടത്തിയതെന്ന്‌ വിനീത ചൂണ്ടിക്കാട്ടി.

ഐഎപിസിയുടെ ഈ വര്‍ഷത്തെ സത്‌ കര്‍മ്മ പുരസ്‌ക്കാരം പ്രമുഖ സാമൂഹ്യപ്രവര്‍ത്തക ദയാബായി, നിറഞ്ഞ സദസിനെ സാക്ഷിയാക്കി, ക്യൂന്‍സ്‌ ബറോയുടെ വൈസ്‌പ്രസിഡന്റും ഡമോക്രാടിക്‌ പാര്‍ട്ടി നേതാവുമായ ബാരി ഗ്രോഡെന്‍ചിക്കില്‍ നിന്ന്‌ ഏറ്റുവാങ്ങി. ഐഎപിസി സത്‌ ഭാവന അവാര്‍ഡ്‌ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്‌ണല്‍ ഗ്രൂപ്പ്‌ സിഎംഡിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരും ഏറ്റുവാങ്ങി.

ഏറെ വികാരഭരിതയായാണ്‌ ദയാബായി അവാര്‍ഡ്‌ ഏറ്റുവാങ്ങിയത്‌. ഐഎപിസിയുടെ അവാര്‍ഡ്‌ ഏറെ വിലമതിക്കുന്നതായി അവര്‍പറഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട ദുരനുഭവങ്ങളും ജനങ്ങളുടെ ദുരിതത്തെക്കുറിച്ചും വിവരിക്കുന്നതിനിടെയാണ്‌ അവരുടെ കണ്ണുകള്‍ നിറഞ്ഞത്‌.

സദ്‌ഭാവന അവാര്‍ഡ്‌ ഏറ്റുവാങ്ങിയ ബോബി ചെമ്മണ്ണൂര്‍ മാധ്യമങ്ങള്‍ക്ക്‌ ഇന്നത്തെ കാലത്ത്‌ വളരയധികം പ്രസക്തിയുണ്ടെന്ന്‌ പറഞ്ഞു. തന്നെ ഇന്നത്തെ ബോബി ചെമ്മണ്ണൂരാക്കിയത്‌ മാധ്യമങ്ങളാണ്‌. മാധ്യമങ്ങളില്ലാതെ ലോകത്ത്‌ ഒന്നും സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിത വിജയങ്ങള്‍ക്കു പിന്നില്‍ സ്‌നേഹമാണ്‌. ഹൃദയത്തില്‍ സ്‌നേഹം നിലനിര്‍ത്തിയാല്‍ നാം ശാന്തനാകും ബുദ്ധി നന്നായി പ്രവര്‍ത്തിക്കും. അപ്പോള്‍ ചെയ്യുന്നതെല്ലാം വിജയിക്കും. എന്നാല്‍, ആളുകള്‍ ഇന്ന്‌ സ്‌നേഹത്തില്‍ നിന്നും അകന്നു പോയികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌ മദര്‍ തെരേസയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത്‌ അമേരിക്കയിലെ ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നു ഡയറക്ടര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ പറഞ്ഞു. മിഡില്‍ ഈസ്റ്റിലും യൂറോപിലും ഓസ്‌ട്രെലിയയിലും ഉടന്‍ തന്നെ പ്രസ്‌ക്ലബ്‌ ചാപ്‌റ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. പ്രവാസ ലോകത്തെ മാധ്യമപ്രവര്‍ത്തകരുടെ ഇടയില്‍ ഐഎപിസിക്കു ശക്തമായ സ്വാധീനമുണ്ടെന്നതിന്റെ തെളിവാണ്‌ കൂടുതല്‍ രാജ്യങ്ങളില്‍ ഐഎപിസിയില്‍ അംഗങ്ങളാകുവാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂമീഡിയയുടെ കാലത്ത്‌ ജനങ്ങള്‍ എഡിറ്റേഴ്‌സ്‌ ആകുമ്പോള്‍ ഐഎപിസി പോലുളള സംഘടനയ്‌ക്ക്‌ കൂടുതല്‍പ്രധാന്യമുണ്ടെന്ന്‌ എക്‌സിക്യൂട്ടീവ്‌ വൈസ്‌പ്രസിഡന്റ്‌ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം പറഞ്ഞു.

ഐഎപിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാധ്യമരംഗത്ത്‌ മാറ്റങ്ങള്‍ക്കു തുടക്കമിട്ടുകഴിഞ്ഞെന്നും അത്‌ തുടരട്ടെന്നും ദീപിക അസോസിയേറ്റ്‌ എഡിറ്ററും ഡല്‍ഹി ബ്യുറോ ചീഫുമായ ജോര്‍ജ്‌ കള്ളിവയലില്‍ ആശംസിച്ചു.

കേരള മുഖ്യമന്ത്രിയുടെ പ്രസ്‌ സെക്രട്ടറി പി.ടി. ചാക്കോ, തിരുവനന്തപുരം പ്രസ്‌ക്ലബ്‌ പ്രസിഡന്റ്‌ ആര്‍. അജിത്ത്‌ കുമാര്‍, യു എന്‍ ഒയുടെ വിഭൂതി ശര്‍മ, മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്‌ സുജിത്ത്‌ നായര്‍, ദീപിക മുന്‍ എംഡി സുനില്‍ ജോസഫ്‌ കൂഴമ്പാല, ജയ്‌ഹിന്ദ്‌ ടിവിയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജെ.എസ്‌. ഇന്ദുകുമാര്‍, പ്രമുഖ ഡോക്യുമെന്ററി സംവിധായക ഗീതാഞ്‌ജലി കുര്യന്‍, സൗത്ത്‌ ഏഷ്യന്‍ ടൈംസ്‌ മാനേജിംഗ്‌ എഡിറ്റര്‍ പര്‍വീണ്‍ ചോപ്ര, എന്‍ടിവി യുഎഇ വൈസ്‌ പ്രസിഡന്റ്‌ പ്രതാപ്‌ നായര്‍, കേരള പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രിയുടെ മാധ്യമ ഉപദേശകന്‍ സജി ഡൊമനിക്ക്‌, സ്‌പോണ്‍സര്‍മാരായ ബോബ്‌ വര്‍ഗീസ്‌, ജിപിന്‍ ജിയോ, മാത്തുക്കുട്ടി ഈശോ, ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ഡയറക്ടര്‍ ജോസ്‌ വി. ജോര്‍ജ്‌, ഇന്ത്യന്‍ നാഷ്‌ണല്‍ കോണ്‍ഗ്രസ്‌ കേരള ചാപ്‌റ്ററിന്റെ പ്രസിഡന്റ്‌ ആര്‍ ജയചന്ദ്രന്‍, ഇന്ത്യന്‍ ക്രിസ്‌ത്യന്‍ ഫോറം പ്രസിഡന്റ്‌റ്‌ തോമസ്‌ ടി ഉമ്മന്‍, ഫൊകാന ജനറല്‍ സെക്രട്ടറി വിനോദ്‌ കെയാര്‍കെ, ജസ്റ്റിസ്‌ ഫോര്‍ ഓള്‍ ചെയര്‍മാന്‍ തോമസ്‌ കൂവള്ളൂര്‍, ലാലു ജോസഫ്‌, മോഹന്‍ നെടുംകൊമ്പ്‌, താര ആര്‍ട്‌സ്‌ വിജയന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു.

ഐഎപിസിയുടെ 2015ലെ സുവനീര്‍ ദയാബായിയും ബോബി ചെമ്മണ്ണൂരും ചേര്‍ന്ന്‌ പ്രകാശനം ചെയ്‌തു.

ഇന്‍ന്റര്‍നാഷ്‌ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ഫോട്ടോഗ്രാഫി മത്സരത്തില്‍ ഒന്നാം സ്ഥാനം തോമസ്‌ മാത്യു ജോയിസിന്‌ ലഭിച്ചു. രണ്ടാം സ്ഥാനം ലക്ഷ്‌മി നായര്‍, ലിജോ ജോണ്‍ എന്നിവര്‍ പങ്കിട്ടു. ലേഖനമത്സരത്തില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ രണ്ടുപേര്‍ക്ക്‌ ഒന്നാം സ്ഥാനം ലഭിച്ചു. തോമസ്‌ കൂവള്ളൂര്‍, ജെയ്‌സണ്‍ മാത്യു എന്നിവര്‍ക്കാണ്‌ ഒന്നാം സ്ഥാനം ലഭിച്ചത്‌. കുട്ടികളുടെ വിഭാഗത്തില്‍ കല്ല്യാണി സുധീര്‍, വര്‍ക്കി ഫ്രാന്‍സീസ്‌ എന്നിവര്‍ക്കും ഒന്നാം സ്ഥാനം ലഭിച്ചു.

ഐഎപിസി ഭാവാഹികളായ ആനീ കോശി, അരുണ്‍ ഗോപാലകൃഷ്‌ണന്‍ എന്നിവരായിരുന്നു എം സി മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here