ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സാറ്റലൈറ്റ് സംവിധാനത്തെ സൈബർ ആക്രമണത്തിലൂടെ തകർക്കാൻ ചൈന ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. യു.എസ് ആസ്ഥാനമായുള്ള ചൈനീസ് എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയുടെ ബഹിരാകാശ നീക്കങ്ങൾ വിശദമാക്കുന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ സാറ്റലൈറ്റുകൾക്ക് നേരെയുള്ള ആക്രമണ ശ്രമത്തെ കുറിച്ച് പറയുന്നത്. 2012നും 2018നും ഇടക്ക് ചൈന നിരവധി സൈബർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.

സാറ്റലൈറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിന്‍റെ ഭാഗമായി 2019 മാർച്ചിൽ ഇന്ത്യ ആന്‍റി സാറ്റലൈറ്റ് മിസൈൽ സാങ്കേതിക വിദ്യ വികസിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇത് ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകൾക്ക് ഭീഷണിയാകാൻ ഇന്ത്യയെയും പ്രാപ്തമാക്കി.

സാറ്റലൈറ്റുകളെ നേരിട്ട് ആക്രമിക്കുന്ന മിസൈലുകൾ, കോ-ഓർബിറ്റൽ സാറ്റലൈറ്റുകൾ, എനർജി വെപ്പൺസ്, ജാമ്മറുകൾ, മറ്റ് സൈബർ സാങ്കേതികതകൾ മുതലായവ ചൈനക്കുണ്ട്. ഇന്ത്യക്ക് സൈബർ ആക്രമണം നേരിടാൻ പരിമിതമായ സംവിധാനങ്ങൾ മാത്രമുള്ളപ്പോൾ ചൈനക്ക് ആധുനികമായ സൈബർ ആക്രമണങ്ങൾ നടത്താനുള്ള ശേഷിയുണ്ട്.

വർഷങ്ങളായി തുടരുന്ന സൈബർ ആക്രമണത്തിന്‍റെ ഉറവിടം കണ്ടെത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ ഐ.എസ്.ആർ.ഒക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യക്ക് സൈബർ ആക്രമണം കണ്ടെത്താനും നേരിടാനുമുള്ള സംവിധാനമുണ്ടെന്നും ചൈന ആക്രമണത്തിന് ശ്രമിച്ചിട്ടുണ്ടെങ്കിൽ പരാജയപ്പെട്ടിട്ടുണ്ടാകുമെന്നും മുതിർന്ന ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ സാറ്റലൈറ്റുകളെയും ഭൗമ സ്റ്റേഷനുകളെയും ചൈന ആക്രമിച്ചതായ റിപ്പോർട്ട് ഐ.എസ്.ആർ.ഒ മേധാവി കെ. ശിവൻ നിഷേധിച്ചു. ഇന്ത്യയുടെ ബഹിരാകാശ വിനിമയ നെറ്റ്വർക്കുകൾ സുരക്ഷിതമാണ്. എന്നാൽ, നിരവധിയായ ആക്രമണ ഭീഷണി നേരിടുന്നുണ്ടെന്നും ഇത് ഇന്ത്യക്ക് മാത്രമുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here