ന്യൂയോർക്ക്‌: യുഎസ്‌ തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട്‌ നേടിയ സ്ഥാനാർഥിയായി ബൈഡൻ. തകർത്തത് മുൻ പ്രസിഡന്റ്‌ ബറാക്‌ ഒബാമയുടെ റെക്കോഡ്‌. ഒബാമയ്‌ക്ക്‌ ലഭിച്ചതിനെക്കാൾ 25 ലക്ഷത്തിലധികം വോട്ട്‌ ഇതിനകം ബൈഡൻ നേടി.

ഒബാമയ്‌ക്ക്‌ 2008ൽ ലഭിച്ചത്‌ 6.95 കോടി വോട്ട്‌. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങ്‌ ഇത്തവണ ഉണ്ടായതാണ്‌ ഒബാമയുടെ റെക്കോഡ്‌ തകരാൻ കാരണം.

ഒബാമ ആദ്യം വിജയിച്ച 2008ൽ 57.1 ശതമാനമായിരുന്നു പോളിങ്ങ്‌. ഇത്തവണ അത്‌ 67 ശതമാനത്തോളം ഉണ്ടെന്നാണ്‌ ലഭ്യമായ വിവരം. വ്യാഴാഴ്‌ച രാവിലെ വരെ എണ്ണിയതിൽ ബൈഡന്‌ 7.22 കോടിയിലധികം വോട്ട്‌ ലഭിച്ചു, ട്രംപും ഒബാമയുടെ റെക്കോഡിനടുത്തെത്തി. 6.86 കോടി വോട്ട്‌. രണ്ട്‌ കോടിയോളം വോട്ടിന്റെ വിവരം കൂടി അറിയാനുണ്ട്‌.

മുഴങ്ങിയത്‌ യുവാക്കളുടെ ശബ്ദം
അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഇത്തവണ മുഴങ്ങിയത്‌ യുവതയുടെ ശബ്ദം. 18നും 29നും ഇടയിൽ പ്രായമുള്ളവർ മുമ്പില്ലാത്തവിധം വോട്ട്‌ ചെയ്‌തു.

80 ലക്ഷത്തിലധികം ചെറുപ്പക്കാർ അധികം വോട്ട്‌ ചെയ്‌തതായി ടഫ്റ്റ്‌സ് സർവകലാശാല നടത്തിയ പഠനത്തിൽ പറഞ്ഞു.
കോവിഡ്‌ വ്യാപനം, വംശീയ അതിക്രമം, കാലാവസ്ഥാ വ്യതിയാനം, തോക്കുപയോഗിച്ചുള്ള അതിക്രമം എന്നിവയിൽ യുവാക്കൾക്കുള്ള ആശങ്ക തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. ഇത്തരം വിഷയങ്ങളിൽ പുരോഗമന നിലപാടിനൊപ്പം യുവാക്കൾ നിന്നതായി ടെക്സസ് സതേൺ സർവകലാശാലയിലെ മരിയ കാമ്പെൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here