ന്യൂഡൽഹി: കർഷക സമരത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നോട്ടു വച്ച ഉപാധികൾ തള്ളി പ്രതിഷേധക്കാർ. ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്ന് കർഷകർ അറിയിച്ചു. ഉപാധി വച്ചുള്ള ചർച്ചയ്ക്ക് താൽപര്യമില്ല. ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ അറിയിച്ചു.

അതേസമയം കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം നാലാം ദിവസവും തുടരുകയാണ്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി തമ്പടിച്ചിരിക്കുകയാണ് ആയിരക്കണക്കിന് വരുന്ന കർഷകർ. ഞങ്ങളുടെ ഒരു ആവശ്യവും കേന്ദ്രസർക്കാർ അംഗീകരിക്കുന്നില്ല. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നതാണ് ഞങ്ങളുടെ പ്രാഥമിക ആവശ്യം. ഇതിനു പുറമേ വൈദ്യുതി ബില്ലിന്റെ കാര്യത്തിലും തീരുമാനം വേണമെന്ന് കർഷക സംഘടനാ നേതാവ് റുൽദു സിങ് ആവശ്യപ്പെട്ടു.

കർഷക സംഘടനകളുമായി ഡിസംബർ മൂന്നിന് കേന്ദ്രസർക്കാർ ചർച്ചകൾ നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചിരുന്നത്. അതിനു മുൻപ് ചർച്ചകൾ വേണമെങ്കിൽ‌ സർക്കാർ നിർദേശിക്കുന്ന ഇടത്തേക്കു പ്രതിഷേധക്കാർ മാറണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ചെയ്താൽ തൊട്ടടുത്ത ദിവസം തന്നെ ചർച്ചയാകാമെന്നായിരുന്നു അമിത്ഷായുടെ വാഗ്ദാനം. ഇതാണിപ്പോൾ കർഷകര്‍ തള്ളിയത്.

അതേസമയം ഡല്‍ഹി അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധിക്കുന്ന കർഷകരുടെ എണ്ണത്തിൽ ശനിയാഴ്ചയോടെ വൻ വർധനയാണ് ഉണ്ടായത്. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ കർഷകരും ഇവരോടൊപ്പം ചേർന്നു. ഡൽഹിക്കു സമീപത്തെ മൈതാനങ്ങളിലേക്കു പ്രതിഷേധം മാറ്റാൻ നിര്‍ദേശമുണ്ടെങ്കിലും കർഷകർ ഇത് അനുസരിക്കാൻ തയാറായിട്ടില്ല. ബുറാഡി നിരങ്കാരി മൈതാനത്തേക്കു മാറണമെന്നാണ് ആവശ്യം. എന്നാൽ ഈ സ്ഥലം ജയിൽ പോലെയാണെന്നാണു കർഷകരുടെ വാദം. നീതിയില്ലാതെ വീടുകളിലേക്കു മടങ്ങില്ലെന്നും കർഷക നേതാവ് പറഞ്ഞു.

രാംലീല മൈതാനത്താണു പ്രതിഷേധം. പിന്നെന്തിനാണു ഞങ്ങൾ നിരങ്കാരി മൈതാനത്തേക്കു പോകുന്നത്. ഞങ്ങൾ ഇവിടെ തന്നെ ഇന്ന് നിൽക്കും– ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികൈറ്റ് വ്യക്തമാക്കി. മൂന്ന് മാസത്തോളമായി കേന്ദ്രസർക്കാർ നിയമത്തിനെതിരെ കർഷകർ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here