ജനീവ: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയുടെ പുതിയ അവകാശവാദം തള്ളി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയ്ക്കു പുറത്തു നിന്നാണെന്നു പറയുന്നത് വെറും അതിശയോക്തിയെന്നു പറയേണ്ടി വരുമെന്നു ലോകാരോഗ്യ സംഘടന എമര്‍ജെന്‍സീസ് പ്രോഗ്രാം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.

കോവിഡ് മഹാമാരി കഴിഞ്ഞ വർഷം ലോകം മുഴുവൻ പൊട്ടിപ്പുറപ്പെട്ടെന്നും എന്നാൽ ഒരു മഹാമാരിയാകുന്നതിനു മുൻപേ അത് റിപ്പോർട്ട് ചെയ്തതും അതിനെതിരെ പ്രതിരോധം തീർത്തതും തങ്ങളാണെന്നും ചൈന അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉയർത്തിയ ചോദ്യത്തിനാണ് മൈക്ക് റയാന്‍ നിലപാട് വ്യക്തമാക്കിയത്.

വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് ഉദ്ഭവിച്ചതെന്ന് യുഎസ് ആരോപിച്ചിരുന്നു. ചൈനയിലെ വെറ്റ് മാർക്കറ്റിലെ വവ്വാലുകളിൽ നിന്നാണ് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്നും വാദങ്ങളുണ്ടായിരുന്നു. ഇത്തരം ആരോപണങ്ങളെല്ലാം ചൈന തള്ളി. കോവിഡ് പ്രതിസന്ധി ചൈനീസ് കമ്മ്യുണിസ്റ്റ് പാർട്ടി മറച്ചുവച്ചതിനാലാണു പ്രശ്നം വഷളായതെന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് പുതിയ വാദവുമായി ചൈന രംഗത്തെത്തിയത്.
‘കൊറോണ വൈറസ് എന്നത് പുതിയതരം വൈറസാണ്. കഴിഞ്ഞ വർഷം അവസാനം ലോകത്തിന്റെ വിവിധ ഇടങ്ങളിലായി ഈ മഹാമാരി പൊട്ടിപ്പുറപ്പെട്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ചൈനയാണ് ഇത് ആദ്യം റിപ്പോർട്ട് ചെയ്തത്. രോഗാണുവിനെ കണ്ടെത്തുകയും അതിന്റെ ജീനോം സീക്വൻസ് ലോകത്തിനു കൈമാറുകയും ചെയ്തു.’ എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഹു ചുങ്‌യിങ്ങിന്റെ അവകാശവാദം.

കൊറോണ വൈറസിന്റെ ഉദ്ഭവം കണ്ടെത്താൻ ലോകാരോഗ്യ സംഘടന ഒരുങ്ങുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയവും ചൈനീസ് മാധ്യമങ്ങളും പുതിയ പ്രചാരണവുമായി രംഗത്തെത്തിയത്. കൊറോണ വൈറസ് ചൈനയിലെ ലാബിൽ സൃഷ്ടിച്ചതാണെന്ന ആരോപണം ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് യാൻ നേരത്തെ തന്നെ ഉയർത്തിയിരുന്നു. സത്യം മറച്ചുപിടിക്കാൻ ലോകാരോഗ്യ സംഘടനയും ശ്രമിച്ചതായി ഡോ. യാൻ ആരോപിച്ചിരുന്നു.

വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ തരം ന്യുമോണിയയെപ്പറ്റി പഠിക്കാൻ ഡിസംബർ 31ന് ഹോങ്കോങ് യൂണിവേഴ്സിറ്റി നിയോഗിച്ച സംഘത്തിൽ അംഗമായിരുന്നു ഡോക്ടർ യാൻ. 40 കേസുകൾ അപ്പോൾ ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കി. എന്നാൽ, ചൈനീസ് സർക്കാർ സത്യം പുറത്തുവരാതിരിക്കാൻ വേണ്ടതെല്ലാം ഉറപ്പുവരുത്തി. മത്സ്യമാർക്കറ്റിൽ നിന്നാണ് വൈറസ് വന്നതെന്ന കള്ളം പ്രചരിപ്പിച്ചുവെന്നും യാൻ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here