മനാമ:സൗദിയിലെ പ്രവാസജീവിതം നരകതുല്യമാകുന്നുവെന്ന് വ്യക്തമാക്കി കണക്കുകള്‍.രാജ്യത്ത് ഒമ്പതുമാസത്തിനിടെ 3,02,473 വിദേശികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. പ്രതിദിനം 3000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ഇതില്‍ 1120 പേര്‍ വിദേശികളാണ്. ജനുവരി ഒന്നുമുതല്‍ സെപ്തംബര്‍ 30 വരെയുള്ള ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇതേകാലയളവില്‍ സ്വകാര്യമേഖലയില്‍ അഞ്ചുലക്ഷം സ്വദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. പ്രതിദിനം 1881 സ്വദേശികള്‍ക്കാണ് ജോലി പോകുന്നത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന വിദേശ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറയുന്നു.
ഈ വര്‍ഷം രണ്ടാംപാദത്തില്‍മാത്രം 1,65,500 വിദേശികളുടെ കുറവുണ്ടായി. സ്വദേശിവല്‍ക്കരണനടപടി ത്വരിതപ്പെടുത്തിയതും ആശ്രിത ലെവി ഏര്‍പ്പെടുത്തിയതുമാണ് വിദേശികളുടെ എണ്ണം കുറയ്ക്കുന്നത്.
ആശ്രിത ലെവി നിലവില്‍വന്നതോടെ വനിതകള്‍ വന്‍തോതില്‍ തിരിച്ചുപോകാന്‍ തുടങ്ങി. ഇതുകാരണം തൊഴില്‍ മേഖലയില്‍ വിദേശ വനിതകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ജിദ്ദ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ റിപ്പോര്‍ട്ട് പറയുന്നു.ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്ത 82.1 ലക്ഷം വിദേശ തൊഴിലാളികള്‍ രാജ്യത്തുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അവസാനവാരം വിദേശ തൊഴിലാളികള്‍ 85.13 ലക്ഷമായിരുന്നു.
അതേസമയം, ഈ വര്‍ഷം രണ്ടാംപാദത്തില്‍ 28,900 സ്വദേശികള്‍ തൊഴില്‍മേഖലയിലേക്ക് പുതുതായെത്തി. ഇതില്‍ 40 ശതമാനം വനിതകളാണ്.ജൂണ്‍മുതല്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതോടെ വന്‍തോതില്‍ സൌദി വനിതകള്‍ തൊഴില്‍മേഖലയില്‍ പ്രവേശിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.സെപ്തംബര്‍ അവസാനവാരത്തിലെ കണക്കുപ്രകാരം സ്വകാര്യമേഖലയില്‍ 5,14,860 വനിതകള്‍ തൊഴിലെടുക്കുന്നുണ്ട്.

വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയോ ആശ്രിത ലെവിയോ പിന്‍വലിക്കില്ലെന്ന തൊഴില്‍, സാമൂഹികമന്ത്രി ഡോ. അലി അല്‍ ഗഫീസ് വ്യക്തമാക്കി.സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന 85 ശതമാനം വിദേശികളുടെയും വിദ്യാഭ്യാസ യോഗ്യത സെക്കന്‍ഡറിയോ അതിനുതാഴെയോ ആണെന്ന് അദ്ദേഹം പറഞ്ഞു.ഇതില്‍തന്നെ 50 ശതമാനംപേര്‍ വളരെ വിദ്യാഭ്യാസം കുറഞ്ഞവരാണെന്നും വിദേശി, സ്വദേശി അനുപാതം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ലെവിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വദേശിവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചതായും മന്ത്രി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here