മനാമ: കൊറോണവൈറസ് പാശ്ചാത്തലത്തില്‍ നടപ്പാക്കിയ അന്താരാഷ്ട്ര വിമാന യാത്രാ നിയന്ത്രണം സൗദി അറേബ്യ സെപ്തംബര്‍ 15ന് ചൊവ്വാഴ്ച മുതല്‍ ഭാഗികമായി പിന്‍വലിക്കും. കര, നാവിക, വ്യോമ പാതകള്‍ പൂര്‍ണമായ തോതില്‍ ജനുവരി ഒന്നു മുതല്‍ തുറക്കും.

ചൊവ്വാഴ്ച മുതല്‍ സാധുവായ വിസയുള്ള പ്രവാസികള്‍, അവരുടെ ആശ്രിതര്‍ എന്നിവര്‍ക്ക് സൗദിയിലേക്ക് തിരിച്ചെത്താം. സന്ദര്‍ശക വിസക്കാര്‍ക്കും പ്രവേശനത്തിന് അനുമതിയുണ്ട്.

പൊതുമേഖല-സൈനിക ഉദ്യോഗസ്ഥര്‍, ഔദ്യോഗിക ചുമതലയുളളവര്‍, നയതന്ത്ര മിഷനുകളിലെ ഉദ്യോഗസ്ഥര്‍, പ്രാദേശിക, അന്തര്‍ദേശീയ സംഘടനകളിലെ ജീവനക്കാര്‍, ബിസിനസുകാര്‍, വിദഗ്ദ ചികിത്സ ആവശ്യമുളളവര്‍, വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന ആവശ്യമുള്ളവര്‍, ജിസിസി പൗരന്‍മാര്‍, തുടങ്ങിയവര്‍ക്ക് സൗദിയിലേക്കും പുറത്തേക്കും യാത്രക്ക് അനുമതിയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പുതിയ പ്രഖ്യാപനത്തോടെ അവധിക്ക് പോയ പതിനായിരകണക്കിന് പ്രവാസികള്‍ക്ക് തിരിച്ചുവരാന്‍ സാധിക്കും. തൊഴില്‍ വിസയിലും ആശ്രിത വിസയിലും അവധിക്കു പോയവര്‍ക്കു മടങ്ങി വരാം.

നിലവില്‍ ചാര്‍ട്ടര്‍ വിമാനങ്ങളും വന്ദേ ഭാരത് വിമാനങ്ങളുമാണ് സൗദിയില്‍ നിന്നു ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നത്. യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി തിരിച്ചുപോകുന്ന പ്രവാസികള്‍ക്കായി ഇന്ത്യ എയര്‍ ബബ്ള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്്. ഇതേ മാതൃകയില്‍ സൗദിയിലേക്കും യാത്രാ സൗകര്യം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

യാത്രകള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങളും യാത്രക്കാര്‍ പാലിക്കേണ്ട കൊവിഡ് പ്രോടോകോള്‍ വിവരങ്ങളും ഡിസംബറില്‍ പ്രഖ്യാപിക്കും.

ഉംറ തീര്‍ഥാടനം ഘട്ടം ഘട്ടമായി പുനരാരംഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ്-19 ജാഗ്രത സമിതിയുടെ അന്തിമ തീരുമാനത്തിന് അനുസരിച്ചായിരിക്കും ഉംറക്കുവേണ്ടി മസ്ജിദുല്‍ ഹറം തുറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here