ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതി റാംനാഥ് കോവിന്ദിന് കൈമാറാനെത്തിയ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംപിമാരുടെ സംഘത്തെ ഡൽഹി പൊലീസ് തടഞ്ഞു. രാഷ്ട്രപതിയെ കാണാന്‍ മൂന്നുപേരെ അനുവദിക്കാമെന്നായിരുന്നു െപാലീസിന്റെ നിലപാട്. തുടർന്ന് രാഹുൽ ഉൾപ്പെടെ രാഷ്ട്രപതിയെ കണ്ടു. എംപിമാരായ ഗുലാം നബി ആസാദ്, അധീർ രഞ്ജൻ ചൗധരി എന്നിവരും രാഹുലിനൊപ്പം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.

കർഷകർക്കു വേണ്ടിയാണ് പുതിയ നിയമങ്ങളെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ കർഷകരെ ദ്രോഹിക്കാൻ വേണ്ടിയാണിതെന്ന് രാഹുൽ പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ കർഷകർ പിന്മാറില്ല. നിയമം പിൻവലിക്കുംവരെ പാർട്ടി ഭേദമന്യേ കർഷകർക്കൊപ്പം നിലകൊള്ളുമെന്നും രാഹുൽ പറഞ്ഞു. ശീതകാലമാണ്. കർഷകരെല്ലാം വ്യഥയിലാണ്. പലരും മരിച്ചു വീഴുന്നു. ഇതൊന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കേൾക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിലേക്കുള്ള പ്രതിഷേധ പ്രകടനം നേരത്തേ പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രിയങ്ക, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരടക്കമുള്ള നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമം നടത്തിയെങ്കിലും പ്രവർത്തകർ വാഹനത്തിനു മുന്നിൽ തടസ്സം തീർത്തു. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണിത്. രൺദീപ് സുർജേവാല, എംപിമാരായ കെ.സി. വേണുഗോപാൽ, ടി.എൻ. പ്രതാപൻ, ഹൈബി ഈഡൻ, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു. എഐസിസി ആസ്ഥാനത്തിനു മുന്നിൽ ഒത്തു ചേർന്ന പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്.

കോൺഗ്രസ് ആദ്യം മുതൽ സമരത്തിനൊപ്പമുണ്ടെന്നും ഇനിയും തുടരുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയെങ്കിലും രാഷ്ട്രപതിയെ കാണാൻ അനുവദിക്കണമെന്നു പ്രിയങ്ക ആവശ്യപ്പെട്ടു. കർഷകർക്കൊപ്പം കോൺഗ്രസ് ഉറച്ചു നിൽക്കും. കേന്ദ്രത്തിനെതിരെ ശബ്ദിക്കുന്നവരെ തീവ്രവാദികളായി ചിത്രീകരിക്കാനാണു ശ്രമമെന്നും അവർ കുറ്റപ്പെടുത്തി. രണ്ടു ട്രക്കുകൾ നിറയെ രണ്ടു കോടി കർഷകർ ഒപ്പിട്ട നിവേദനവുമായാണ് രാഹുൽ ഗാന്ധി ഉൾപ്പെടെ രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടത്. പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. രാഹുൽ ഉൾപ്പെടെ ഏതാനും നേതാക്കൾക്കു മാത്രം രാഷ്ട്രപതിയെ കാണാൻ അനുമതി നൽകുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here