ന്യൂഡൽഹി: നാലാംദിനത്തിലേക്ക്‌ കടന്ന കോവിഡ്‌ പ്രതിരോധയജ്ഞത്തിൽ ചൊവ്വാഴ്‌ച വൈകിട്ട്‌ ആറ്‌ വരെ രാജ്യത്ത്‌ 6,31,417 പേർ വാക്‌സിൻ സ്വീകരിച്ചു. ചൊവ്വാഴ്‌ച 1,77,368 പേർ വാക്‌സിനെടുത്തു. ഒമ്പത്‌ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ആറ്‌ പേർ ആശുപത്രി വിട്ടു.

ആശങ്ക പരിഹരിക്കുമെന്ന്‌ കേന്ദ്രം
വാക്‌സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്നും ജനങ്ങളുടെ ആശങ്കയകറ്റാൻ നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം. വാക്‌സിനെക്കുറിച്ചുള്ള സന്ദേഹങ്ങൾ ലോകത്ത്‌ എല്ലായിടത്തും ഉള്ളതാണെന്നും അതിൽ ആകുലത വേണ്ടെന്നും ആരോഗ്യസെക്രട്ടറി രാജേഷ്‌ഭൂഷൺ പ്രതികരിച്ചു.

വാക്‌സിൻ കയറ്റുമതി ചെയ്യും
കോവിഡ്‌ വാക്‌സിനുകൾ ഉടൻ കയറ്റുമതി ചെയ്യുമെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞദിവസം ചേർന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിൽ വാക്‌സിൻ കയറ്റുമതി ചർച്ചയായി. ആദ്യഘട്ടത്തിൽ അയൽരാജ്യങ്ങളിലേക്കാണ്‌ കയറ്റുമതി. ബു‌ധനാഴ്‌ച ഭൂട്ടാനിലേക്ക്‌ വാക്‌സിൻ അയയ്‌ക്കും.

പ്രതിദിനരോഗികൾ കുറഞ്ഞനിരക്കിൽ
രാജ്യത്ത്‌ പ്രതിദിന രോഗികൾ ഏഴുമാസത്തെ കുറഞ്ഞനിരക്കിൽ. 24 മണിക്കൂറിനിടെ 10,064 പുതിയ രോഗികളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ജൂൺ രണ്ടാം വാരത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർധനയാണിത്‌. സജീവരോഗികൾ രണ്ടുലക്ഷമായി. സജീവരോഗികളുടെ മൂന്നിരട്ടിയോളം പേർക്ക്‌ വാക്‌സിൻ നൽകി‌. 24 മണിക്കൂറിനിടെ 137 മരണം.

LEAVE A REPLY

Please enter your comment!
Please enter your name here