അമേരിക്കയുടെ പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ആദ്യ പത്ത് ദിവസത്തേക്കുള്ള പദ്ധതികള്‍ പുറത്തുവിട്ട് ജോ ബൈഡന്‍. മുസ്ലീംപ്രദേശങ്ങളിലെ യാത്രാവിലക്ക് പിന്‍വലിക്കുകയെന്നതിനാണ് പത്തിന പദ്ധതികളിലെ ആദ്യ പരിഗണന. പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ വീണ്ടും സഹകരിക്കുക എന്നതിനാണ് അജണ്ടയില്‍ രണ്ടാം സ്ഥാനം. വിദ്യാര്‍ത്ഥികളുടെ വായ്പയ്ക്കുള്ള വിലക്ക് നീക്കുകയെന്നതിനാണ് അടുത്ത പരിഗണന.

മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിബന്ധനയും ബൈഡന്റെ അജണ്ടയിലുണ്ട്. ഇതിനൊക്കെ പുറമേ 1.9 ലക്ഷം കോടി ഡോളറിന്റെ കൊവിഡ് സമാശ്വാസ പാക്കേജും വിഭാവനം ചെയ്യുന്നു. ആദ്യ 100 ദിവസത്തിനുള്ളില്‍ 100 മില്ല്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യും. കുടിയേറ്റ നിയമങ്ങളിലും സമ്പൂര്‍ണ അഴിച്ചുപണിയാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. വര്‍ക്ക് വീസ സംവിധാനവും എച്ച്1ബി വീസ നിയമങ്ങളിലെ കാര്‍ക്കശ്യവുമെല്ലാം മാറ്റത്തിന് വിധേയമാകുമെന്നാണ് വിലയിരുത്തല്‍.

പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫായ റോണ്‍ ക്ലെയിന്‍ സീനിയര്‍ സ്റ്റാഫുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ട്രംപിന്റെ കാലത്ത് വിവാദമായ പല തീരുമാനങ്ങളും പിന്‍വലിക്കുന്നത് ഉള്‍പ്പെടെ ഈ പത്ത് ദിവസത്തെ പദ്ധതികളിലുണ്ട്. അണ്‍ ട്രംപ് അമേരിക്കയെന്ന അനൗപചാരിക തലക്കെട്ടാണ് ബൈഡന്റെ പത്ത് ദിന പദ്ധതികള്‍ക്ക് അമേരിക്കക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടുകൂടിയ ഭരണകൂടമായിരിക്കും തന്റേതെന്ന സന്ദേശമാണ് ജോ ബൈഡന്‍ ലോകത്തിന് നല്‍കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here