അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആലിബാബ ഗ്രൂപ്പ് സ്ഥാപകന്‍ ജാക് മാ തിരികെയെത്തി. കഴിഞ്ഞ മൂന്ന് മാസമായി ഇദ്ദേഹത്തെ കാണാനില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പൊതു വേദികളിലൊന്നും ജാക്മാ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ചൈനയിലെ ഏറ്റവും വലിയ ശതകോടീശ്വരന്‍മാരിലൊരാളായ ജാക് മായെ കാണാതായത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. അന്താരാഷ്ട്ര ഏജന്‍സികള്‍ വരെ ഇദ്ദേഹത്തിന്റെ തിരോധാനത്തില്‍ ദുരൂഹത സംശയിച്ചിരുന്നു.

എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ജാക്മാ പൊതുേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായിരിക്കുകയാണ്. ചൈനയിലെ 100 ഗ്രാമീണ അധ്യാപകരുമായി തത്സമയ വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തിക്കൊണ്ടാണ് ജാക്മാ രംഗത്തെത്തിയിരിക്കുന്നത്. ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് ജാക് മാ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ അധ്യാപകരെ അഭിസംബോധനചെയ്താണ് ജാക്മായുടെ രണ്ടാംവരവ്. ഗ്രാമീണ അധ്യാപകര്‍ക്കായുള്ള അനുമോദന ചടങ്ങിലാണ് അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടത്.

ചൈനീസ് സര്‍ക്കാരുമായുള്ള തര്‍ക്കം രൂക്ഷമായതിന് ശേഷമാണ് ജാക്മായെ കാണാതായത്. ചൈനയുടെ ആഗോള നയങ്ങള്‍ക്കെതിരെ ജാക് മാ സംസാരിച്ചിരുന്നു. ചൈനയിലെ നിയന്ത്രണ സംവിധാനം നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹോങ്കോംഗ് വിഷയത്തിലും കൊറോണ വിഷയത്തിലും ജാക് മാ ആഗോള പ്രതിഷേധങ്ങളെ പിന്തുണച്ചിരുന്നു. ബീജിംഗിനിനെതിരെ പ്രസ്താവനകള്‍ നടത്തിയ ശേഷമാണ് പൊതു വേദികളിലൊന്നും ജാക് മായെ കാണാതായത്. ഇതേത്തുടര്‍ന്ന് ചൈനീസ് സര്‍ക്കാരിനെതിരായ സംശയം വര്‍ദ്ധിച്ചിരുന്നു. ഇതിന് അറുതി വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ ജാക്മാ രംഗത്തെത്തിയിരിക്കുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here