ന്യൂഡല്‍ഹി: കര്‍ഷക റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ പ്രവേശിച്ച കര്‍ഷകര്‍ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. സുരക്ഷ സ്‌കാനറുകളും ടിക്കറ്റ് കൗണ്ടറുകളും സിഐഎസ്എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടങ്ങളാണ് ചെങ്കോട്ടയ്ക്കുള്ളില്‍ മാത്രം ഉണ്ടായത്. അക്രംസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട കര്‍ഷകനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. യോഗേന്ദ്ര യാദവ്, ദര്‍ശന്‍ പാല്‍, രാകേഷ് ടിക്കായത്ത് എന്നിവര്‍ക്കെതിരെയും ഡല്‍ഹി പോലീസ് കേസെടുത്തിട്ടുണ്ട്. കലാപമുണ്ടാക്കി, പൊതുമുതല്‍ നശിപ്പിച്ചു, പോലീസുകാരെ ആക്രമിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ഇരുന്നൂറോളം പ്രതിഷേധക്കാര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ 22 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു.

റിപ്പബ്ലിക് ദിനത്തിലുണ്ടായ അക്രമങ്ങളുടെ ഭാഗമായി കനത്ത സുരക്ഷയും പരിശോധനയുമാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേതുടര്‍ന്ന് രാജ്യതലസ്ഥാനത്ത് ഗതാഗത കുരുക്ക് അനുഭവപ്പടുന്നുണ്ട്. അക്രമങ്ങളില്‍ 300 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് ഡല്‍ഹി പോലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം ഫെബ്രുവരി ഒന്നിന് കര്‍ഷക സംഘടനകള്‍ നടത്താനിരിക്കുന്ന മാര്‍ച്ചിനെ ചൊല്ലി കര്‍ഷക സംഘടനകള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇനിയും പ്രകോപനമുണ്ടായാല്‍ അത് സമരത്തെ ബാധിക്കുമെന്നാണ് ചില സംഘടനകളുടെ നിലപാട്. എന്നാല്‍ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here