ന്യുഡല്‍ഹി: കര്‍ഷക പ്രശ്‌നങ്ങള്‍ രാജ്യസഭയില്‍ ഉന്നയിക്കാന്‍ അനുമതി. പ്രതിപക്ഷ എം.പിമാര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് അധ്യക്ഷന്‍ വെങ്കയ്യ നായിഡുവുമായി ഇന്നു നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിലെത്തിയത്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദിപ്രമേയവും കര്‍ഷക പ്രശ്‌നവും ഉന്നയിക്കാന്‍ 15 മണിക്കൂര്‍ അധികമായി അനുവദിച്ചു. ചോദ്യോത്തര വേളയും ശൂന്യവേളയും രണ്ടു ദിവസത്തേക്ക് സസ്‌പെന്റ് ചെയ്താണ് സമയം നല്‍കിയിരിക്കുന്നത്.

കര്‍ഷക പ്രതിഷേധം ഉന്നയിക്കാന്‍ അഞ്ചു മണിക്കൂര്‍ അധികമായി അനുവദിക്കണമെന്ന് പതിനാറില്‍ ഏറെ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ആവശ്യം അംഗീകരിച്ചതായി പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി വ്യക്തമാക്കി.

അതേസമയം, സമവായം അംഗീകരിക്കാതെ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടര്‍ന്ന സഞ്ജയ് സിംഗ്, എന്‍.ഡി ഗുപ്ത, സുശീല്‍ ഗുപ്ത എന്നീ മൂന്ന് ആം ആദ്മി പാര്‍ട്ടി എം.പിമാരെ രാജ്യസഭാ അധ്യക്ഷന്‍ ഇന്നത്തേക്ക് സസ്‌പെന്റ് ചെയ്തു. സസ്‌പെന്‍ഷനുശേഷവും പ്രതിഷേധം തുടര്‍ന്ന ഇവരെ വാച്ച് ആന്റ് വാര്‍ഡ് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ പാര്‍ലമെന്റ് നടപടിയോട് സഹകരിക്കുമെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here