ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും വളരെ കരുതലോടെ ഇടപെടേണ്ട വിഷയമാണിതെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഏത് പാര്‍ട്ടി എവിടെ അധികാരത്തിലിരുന്നാലും പെട്രോളിയം ഉപ്തന്നങ്ങളില്‍ നിന്നുള്ള നികുതിയെ പ്രധാന വരുമാനമാര്‍ഗമായി കാണുന്നു. കേന്ദ്രം ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കൂട്ടുകയും കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളും വാറ്റ് നിരക്ക് വര്‍ധിപ്പിച്ചുവെന്നും കെ.സി. വേണുഗോപാല്‍, ഡോ. ശാന്തനു സെന്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി അറിയിച്ചു.

എന്നാല്‍, ഇന്ധനവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലാണെന്നിരിക്കേ മന്ത്രി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കെ.സി. വേണുഗോപാല്‍ ആരോപിച്ചു. അസംസ്‌കൃത എണ്ണവില എക്കാലത്തേയും ഉയര്‍ന്ന നിരക്കിലല്ല. അതേസമയം, പെട്രോള്‍ വില 100 രൂപയിലേക്ക് അടുത്തുകൊണ്ടിരിക്കേ നികുതി കുറയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നും വേണുഗോപാല്‍ ചോദിച്ചു.

ബുദ്ധിമാനും നല്ലരാഷ്ട്രീയക്കാരനുമായ വേണുഗോപാല്‍ പറഞ്ഞതിനെ തിരുത്താന്‍ താന്‍ ആഗ്രഹിക്കുന്നതായി മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഇപ്പോഴത്തെ അന്താരാഷ്ട്ര അസംസ്‌കൃത എണ്ണ വില 61 ഡോളറാണ്. നിരവധിപ്പേര്‍ ഗള്‍ഫില്‍ കഴിയുന്ന കേരളത്തില്‍ നിന്നുവരുന്ന വേണുഗോപാല്‍ ഇക്കാര്യങ്ങള്‍ അവിടെയുള്ള സുഹൃത്തുക്കളോട് അന്വേഷിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അന്താരാഷ്ട്ര വിലയില്‍ മാറ്റമുണ്ടായാല്‍ ആ പ്രൈസിങ് മെക്കാനിസവുമായി നമുക്ക് ഒത്തുപോകേണ്ടിവരും. കഴിഞ്ഞ 300 ദിവസത്തിനിടെ 60 ദിവസം വില കൂടി. ഏഴ് ദിവസം പെട്രോളിനും 21 ദിവസം ഡീസലിനും വില കുറഞ്ഞു. മറ്റു ദിവസങ്ങളില്‍ വിലയില്‍ മാറ്റം വരുത്തിയിട്ടുമില്ല.

എണ്ണവില കുറയ്ക്കാനുള്ള ബാധ്യതയില്‍ 95 ശതമാനം കേന്ദ്രത്തിന്റെ കൈയ്യിലാണെന്നിരിക്കേ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് ശാന്തനു സെന്‍ ചോദിച്ചു. എന്നാല്‍ കേന്ദ്രമാണ് 95 ശതമാനവും നിയന്ത്രിക്കുന്നത് എന്ന വാദം ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര ക്രൂഡ് വില ഇന്‍ഡിക്കേറ്റര്‍ (സൂചകം) മാത്രമാണ്, അന്താരാഷ്ട്ര ഉത്പന്ന വിലയാണ് ബെഞ്ച്മാര്‍ക്ക്. അസംസ്‌കൃത എണ്ണ (ക്രൂഡ് ഓയില്‍) വില, എണ്ണക്കമ്പനികളുടെ ലാഭം, ഗതാഗത ചെലവ്, ചരക്ക് നീക്ക ചെലവ്, കേന്ദ്ര- സംസ്ഥാന നികുതികള്‍ എന്നിവയെ ആശ്രയിച്ചാണ് ഇന്ത്യയിലെ എണ്ണവില.

കേന്ദ്രവും സംസ്ഥാനങ്ങളും നികുതി പിരിവില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. കാരണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസന ആവശ്യങ്ങള്‍ക്കുമായി എല്ലാവര്‍ക്കും പണം വേണം. അതു കണ്ടെത്താന്‍ ഈ മാര്‍ഗം സ്വീകരിക്കുകയാണ് എല്ലാവരും ചെയ്യുന്നത്. ആരാണ് ഉത്തരവാദിത്തമെടുക്കേണ്ടത് എന്നത് എപ്പോഴും ചര്‍ച്ചാവിഷയമാണ്. എപ്പോഴെല്ലാം ഇടപെടേണ്ടതുണ്ടോ അപ്പോഴെല്ലാം കേന്ദ്രം ഇടപെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here