ന്യൂഡൽഹി: കർഷക സമരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്ത് കർഷകർക്ക് പിന്തുണയേകുന്ന പ്രസ്‌താവന പുറത്തിറക്കിയയാളാണ് കാനഡയുടെ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. സമാധാനപരമായ പ്രതിഷേധത്തിന് എപ്പോഴും പിന്തുണയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ഡിസംബറിൽ ട്രൂഡോ പറഞ്ഞത്.കനേഡിയൻ പ്രധാനമന്ത്രിയുടെ ഈ അഭിപ്രായപ്രകടനത്തോട് ഇന്ത്യ രൂക്ഷമായാണ് പ്രതികരിച്ചത്. ദുഷ്‌ടലാക്കോടെയുള‌ള പ്രതികരണമാണ് ട്രൂഡോയുടേത് എന്നായിരുന്നു അത്. എന്നാൽ ഇപ്പോൾ ട്രൂഡോ തന്റെ അഭിപ്രായം മാ‌റ്റിയിരിക്കുകയാണ്.

‘ കർഷകരുടെ പ്രതിഷേധം ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ഗവൺമെന്റിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്’ എന്ന് ട്രൂഡോ പ്രധാനമന്ത്രിയുമായുള‌ള ടെലഫോൺ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടു. കൊവിഡ് വാക്‌സിൻ വിതരണത്തിലും മുന്നേറുന്ന ഇന്ത്യയെ ട്രൂഡോ അഭിനന്ദിച്ചു.ജനാധിപത്യ ഭരണത്തിൽ പ്രശ്‌നപരിഹാരങ്ങൾക്ക് ചർച്ചകളാണ് യോജിച്ചതെന്നും ട്രൂഡോ മോദിയെ അറിയിച്ചു. ഇന്ത്യയും കാനഡയും തമ്മിൽ സഹകരിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുകയായിരുന്നു ഇരുവരും.

കാനഡയിലെ ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സുരക്ഷയിലും തങ്ങൾ അതീവശ്രദ്ധാലുക്കളാണെന്നും ട്രൂഡോ ഇന്ത്യയെ അറിയിച്ചു.ഡിസംബർ മാസത്തിൽ ഇന്ത്യയിലെ സമരങ്ങളെ കുറിച്ച് ‘ഞങ്ങളെല്ലാം വളരെയധികം ഉത്കണ്‌ഠാകുലരാണ്. സമരം ചെയ്യുന്നവരുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആശങ്കയിൽ പങ്കുചേരുന്നു. സമാധാനപരമായി പ്രതിഷേധത്തിന് എപ്പോഴും പിന്തുണ നൽകും’ എന്നായിരുന്നു ട്രൂഡോയുടെ അഭിപ്രായം.പത്ത് റൗണ്ട് ചർച്ചകൾ നടത്തിയിട്ടും കർഷക സമരം ഒത്തുതീർപ്പിലായിട്ടില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് കേന്ദ്രവും നിയമം പൂർണമായി പിൻവലിയ്‌ക്കണമെന്ന് കർഷകരും നിലപാടെടുത്തതിനെ തുടർന്നാണിത്. സമരം ചെയ്യുന്ന കർഷകർ പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള‌‌ളവരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here