ഒറിഗോണില്‍ കോവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ച നാലു പേര്‍ക്ക് വീണ്ടും കോവിഡ് 19 സ്ഥിരീകരിച്ചു. എന്നാല്‍ രോഗം കൂടുതല്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. യാംഹില്‍ കൗണ്ടിയില്‍ രണ്ടുപേര്‍ക്കും ലെയ്ന്‍ കൗണ്ടിയില്‍ രണ്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഒറിഗോണ്‍ ഹെല്‍ത് അതോറിറ്റി  പ്രസ്താവനയില്‍ പറഞ്ഞു.

വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് നാല് വ്യക്തികള്‍ക്കും വൈറസ് പിടിപെട്ടതെന്ന് ഒ.എച്ച്.എ പറഞ്ഞു. നാലുപേരില്‍ കോവിഡിന്റെ ലക്ഷണങ്ങള്‍ വളരെ കുറഞ്ഞ തോതിലാണ് കണ്ടത്. നിലവില്‍ ക്ലിനിക്കല്‍ ട്രയല്‍സിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാലും ചില സാഹചര്യങ്ങളില്‍ വീണ്ടും കോവിഡ് ബാധിച്ചേക്കും എന്നാണ്. അതേസമയം കോവിഡ് വാക്‌സിന്‍ ഇപ്പോഴും ഫലപ്രദമാണെന്നും ഒ.എച്ച്.എ അധികൃതര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച നാലു പേരില്‍ നിന്നും ജീനോമിക് സീക്വന്‍സിംഗ് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ നിന്നുള്ള ഫലം അടുത്ത ആഴ്ച പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു. അതേസമയം പൊതുജനങ്ങള്‍ കോവിഡിനെതിരായ പ്രതിരോധ നടപടികള്‍ തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്ത് രോഗത്തെ പ്രതിരോധിക്കണമെന്നും ഒ.എച്ച്.എ പ്രസ്താവനയില്‍ പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here