കാഠ്മണ്ഡു: അയൽരാജ്യമായ നേപ്പാളിൽ ഇന്ധനവില ഇന്ത്യയെ അപേക്ഷിച്ച് ഏറെ താഴ്ന്ന നിരക്കിൽ. ഡീസൽ ലിറ്ററിന് 58 രൂപയും (93.5 നേപ്പാൾ രൂപ) പെട്രോൾ 69 രൂപയുമാണ് (110 നേപ്പാൾ രൂപ) വില. ഇതോടെ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് ഇന്ധന കള്ളക്കടത്ത് വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം നേപ്പാളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച ഒരു ടാങ്കർ ഡീസൽ അതിർത്തിയിൽ പിടികൂടി.

1060 ലിറ്റർ ഡീസലാണ് നേപ്പാൾ പൊലീസ് പിടികൂടിയത്. മൂന്ന് പേരെ അറസ്റ്റുചെയ്തു. ഇന്ത്യയിൽ അടിക്കടി വിലക്കയറ്റമുണ്ടാകുന്ന സാഹചര്യത്തിൽ വൻതോതിൽ ഇന്ധനം നേപ്പാളിൽ നിന്ന് കടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

ബിഹാറിലെ സീതാമാർഹി ഉൾപ്പെടെ ഇന്ത്യയിലെ അതിർത്തിഗ്രാമങ്ങളിലെ ജനങ്ങൾ നേപ്പാളിൽ ചെന്ന് ഇന്ധനം നിറക്കുന്ന പതിവ് മുമ്പേയുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ നിയന്ത്രണങ്ങൾ കുറവായതിനാൽ യാത്രാവിലക്കില്ല. വാഹനങ്ങളിൽ ഇന്ധനം നിറച്ച് സ്വഗ്രാമങ്ങളിൽ എത്തിച്ച് വിലകൂട്ടി വിൽക്കുന്നവരും ഉണ്ട്.

നേപ്പാളിൽ ഇന്ധന നികുതി കുറവായതാണ് കുറഞ്ഞ വിലയ്ക്ക് കാരണം. അതേസമയം, ഇന്ത്യയിൽ തുടർച്ചയായ ഒമ്പതാംദിവസവും വില വർധിപ്പിച്ചിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here