ന്യൂഡല്‍ഹി: കൊവിഡ് സാഹചര്യം രൂക്ഷമാണെങ്കിലും ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്താകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകുവെന്നും അവര്‍ വ്യക്തമാക്കി. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസുമായുള്ള വെര്‍ച്വല്‍ യോഗത്തിലാണ് ധനമന്ത്രി നിലപാട് അറിയിച്ചത്.യോഗത്തില്‍ കൊവിഡിന്റെ വ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ ധനമന്ത്രി യോഗത്തിൽ വിശദീകരിച്ചു.

സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും ‘അറസ്റ്റ്’ ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. രോഗികളെ വീടുകളില്‍ ക്വാറന്റീനിലാക്കുന്നതു പോലുള്ള രീതികള്‍ തുടരും. ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.സിവില്‍ സര്‍വീസ്, ധനകാര്യ മേഖല പരിഷ്‌കരണം, ജലവിഭവ മാനേജ്‌മെന്റ്, ആരോഗ്യം എന്നിവയിലെ സമീപകാല പരിപാടികള്‍ ഉള്‍പ്പെടെ ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാല്‍പാസും ധനമന്ത്രിയും ചര്‍ച്ച ചെയ്തതായി ലോക ബാങ്കിന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തെക്കുറിച്ചും രാജ്യത്തെ ആഭ്യന്തര വാക്‌സിന്‍ ഉല്‍പാദന ശേഷിയെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നും ലോക ബാങ്ക് അറിയിച്ചു.രാജ്യവ്യാപകമായി ലോക്ഡൗണിന്റെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമായിരുന്നു.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥക്ക് ഇനിയൊരു ലോക്ഡൗണ്‍ താങ്ങാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അതേസമയം രാജ്യത്തെ കൊവിഡ് വ്യാപനം അതീവരൂക്ഷമായിരിക്കുകയാണ്. 1.84 ലക്ഷം പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here