ന്യൂഡൽഹി: സുതാര്യവും ശാസ്ത്രീയവുമായ രേഖകളുടെ അടിസ്ഥാനത്തിലുമാണ് കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള കൂട്ടാൻ സർക്കാർ തീരുമാനിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ പറഞ്ഞു. വാക്സിനുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് കൊവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾക്കെതിരെയുള്ള ശരീരത്തിന്റെ പ്രതിരോധത്തെ ബാധിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകൻ ഡോ ആന്തണി ഫൗച്ചി ഒരു സ്വകാര്യ വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് മന്ത്രി ഇപ്പോൾ ഇത്തരമൊരു വിശദീകരണം നൽകിയിരിക്കുന്നത്. സാമൂഹിക മാദ്ധ്യമമായ ട്വിറ്ററിലൂടെയാണ് കേന്ദ്ര മന്ത്രി ഡോസുകളുടെ ഇടവേള കൂട്ടിയതിന്റെ വിശദീകരണം നൽകിയത്.

നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെ തലവൻ ഡോ എൻ കെ അറോറയുടെ വിശദീകരണവും മന്ത്രി തന്റെ ട്വീറ്റിന്റെ കൂടെ ചേർത്തിട്ടുണ്ട്. ഡോസുകൾ തമ്മിലുള്ള ഇടവേള 12 ആഴ്ചകളിലേക്ക് വർദ്ധിപ്പിക്കുമ്പോൾ വാക്സിന്റെ പ്രവർത്തനക്ഷമത 66 മുതൽ 88 ശതമാനം വരെ ഉയരുന്നുവെന്ന യു കെയിലെ ഒരു പഠനത്തെ ആധാരമാക്കി എൻ കെ അറോറ വിശദീകരിക്കുന്നു.

അതേ സമയം 12 ആഴ്ച വരെ ഇടവേള ആകാമെന്ന ഉപദേശം ലഭിച്ചപ്പോൾ കേന്ദ്ര സർക്കാർ 16 ആഴ്ച വരെ ഡോസുകൾ തമ്മിലുള്ള ഇടവേള വർദ്ധിപ്പിച്ചതായി വിമർശനം ഉണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here