പട്ന: ഗംഗാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലായതോടെ പട്നയിൽ പ്രളയ മുന്നറിയിപ്പു നൽകി. പട്നയിലെ മസൗദി, ധൻറുവ ബ്ലോക്കുകളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. ഗംഗാ ഘാട്ടുകളിൽ ജലനിരപ്പ് ഉയർന്നതോടെ ജനങ്ങൾക്കു വിലക്കേർപ്പെടുത്തി. ഗംഗാതീരത്തു നിർമിച്ച എലിവേറ്റഡ് നടപ്പാതയിലേക്കും വെള്ളം കയറിയിട്ടുണ്ട്.

പട്ന നഗരത്തിലേക്കു പ്രളയജലം എത്തുന്നതു തടയാനുള്ള നദീഭിത്തിക്ക് അധികൃതരും പൊലീസും രാത്രിയിലും നീരീക്ഷണം ഏർപ്പെടുത്തി.  നദീഭിത്തിയിൽ വിള്ളലുണ്ടായാൽ സുരക്ഷയൊരുക്കാൻ മണൽചാക്കുകൾ എത്തിച്ചു. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന ചെറുനദികളിലെ നിരവധി തടയണകൾ തകർന്നതാണു ഗംഗയിലെ ജലനിരപ്പു പെട്ടെന്നുയരാൻ കാരണമായത്.

ധാർധ നദിയിലെ അണക്കെട്ടിൽ ആറിടത്തു വിള്ളലുണ്ടായതും വെള്ളപ്പൊക്കത്തിനു കാരണമായി. ഗ്രാമ മേഖലകളിലെ പാടങ്ങൾ വെള്ളത്തിനടിയിലാകാനും ഇടയാക്കിയത് അണക്കെട്ടുകളിലെ വിള്ളലും തടയണകളുടെ തകർച്ചയുമാണ്.  പാടങ്ങളിൽ വെള്ളം കയറിയിട്ടും അധികൃതർ സഹായത്തിനെത്താത്തതിൽ പ്രതിഷേധിച്ച് കർഷകർ പട്ന – ഗയ ദേശീയപാത ഉപരോധിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here