ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിലെ സ്ഥിതി വിലയിരുത്തുന്നതിന് റഷ്യ വിളിച്ചുചേർത്ത നിർണായക യോഗത്തിൽനിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോർട്ട്. യുഎസ്, ചൈന, പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് യോഗത്തിലേക്ക് ക്ഷണമുണ്ട്. അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുന്നതിനിടെ സമാധാനശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നതിനാണ് റഷ്യയുടെ നീക്കം. ഓഗസ്റ്റ് 11ന് ഖത്തറിൽവച്ചു യോഗം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ, മാർച്ച് 18, ഏപ്രിൽ 30 എന്നീ ദിവസങ്ങളിലും സമാനരീതിയിലുള്ള യോഗം നടന്നിരുന്നു.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളെ സ്വാധീനിക്കാൻ കഴിയുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായി ചേർന്നു പ്രവർത്തിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതോടെ യോഗത്തിലേക്ക് ഇന്ത്യയ്ക്ക് ക്ഷണമുണ്ടാകുമെന്നും അഭ്യൂഹമുയർന്നിരുന്നു. എന്നാൽ പിന്നീട് ഒഴിവാക്കപ്പെടുകയായിരുന്നു. വിഷയത്തിൽ, ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അഫ്ഗാൻ വിഷയത്തിൽ പലകാര്യങ്ങളിലും യുഎസും റഷ്യയും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും രാജ്യത്തെ താലിബാൻ ആക്രമണങ്ങൾക്ക് തടയിടാൻ ഒരുമിച്ചു നിൽക്കാനാണ് തീരുമാനം.

അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് യുഎൻ രക്ഷാ കൗൺസിൽ വെള്ളിയാഴ്ച ചേരുന്നുണ്ടെന്ന് ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസഡ‍ർ ഫരീദ് മമുന്ദ്സെ പറഞ്ഞു. യുഎൻ രക്ഷാസമിതിയുടെ അധ്യക്ഷ സ്ഥാനം ഓഗസ്റ്റിൽ ഇന്ത്യയാണ് വഹിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് ബഹുമതിയാണ് ഈ മാസത്തെ അധ്യക്ഷ പദവി. യോഗങ്ങളിൽ ഇന്ത്യയുടെ അംബാസഡർ ടി.എസ്. തിരുമൂർത്തിയായിരിക്കും അധ്യക്ഷത വഹിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here