അഹമ്മദാബാദ്:  മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും വിജയ് രൂപാണി രാജിവച്ചതിന് പിന്നാലെ ഗുജറാത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ആലോചനകൾ വേഗത്തിലാക്കി ബിജെപി നേതൃത്വം. ചർച്ചകൾ അതിവേഗത്തിൽ തുടരുന്നതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ബിജെപി ദേശീയ നേതൃത്വം ഗുജറാത്തിലേക്ക് വിളിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ അഭിപ്രായങ്ങൾ തേടിയ ശേഷമാകും പുതിയ ഗുജറാത്ത് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുക. ഗുജറാത്ത് മുഖ്യമന്ത്രിയായി ഉയർന്നുവരുന്ന പേരിൽ ഒന്നാമതുള്ളത് നിലവിലെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്റെ പേരാണ്. കേന്ദ്ര ആരോഗ്യ മന്ത്രി മാൻസുഖ് മാണ്ഡ്യയും പട്ടികയിലുണ്ട്. ജാം നഗർ സൗത്ത് എം എൽ എയും കൃഷി – മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ ആർ സി ഫൽദു, നിലവിലെ സൂറത്ത് എം പിയായ സി ആർ പാട്ടീൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം രൂക്ഷമായി തുടരുന്നത് മുന്നിൽ കണ്ടാണ് രൂപാണിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ദേശീയ നേതൃത്വം ഇടപെട്ട് നീക്കിയതെന്നാണ് റിപ്പോർട്ട്. കൊവിഡ്-19 സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ രൂപാണി പരാജയപ്പെട്ടുവെന്ന വിലയിരുത്തൽ പാർട്ടിയിലും പുറത്തുമുണ്ട്. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും പുതിയ മുഖ്യമന്ത്രിയെ കൊണ്ടു വരുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാൻ കഴിയുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ.

പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്തിലെത്തും എന്നാണ് റിപ്പോർട്ട്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നിലപാടാകും ഇക്കാര്യത്തിൽ നിർണാായകമാകുക. സംഘടനാ ചുമതലയുള്ള ബി എൽ സന്തോഷ്, ഗുജറാത്തിന്റെ ചുമതലയുള്ള ഭൂപേന്ദ്ര യാദവ് എന്നിവർ ഗാന്ധിനഗറിലുണ്ട്.

പുതിയ നേതൃത്വത്തിനു വഴിയൊരുക്കാനാണ് തൻറെ രാജിയെന്നാണ് വിജയ് രൂപാണി വ്യക്തമാക്കി. ‘ബിജെപിയിൽ ഇതൊരു സാധാരണ സംഭവമാണ്. രാജിവെച്ചത് തെരഞ്ഞെടുപ്പിനു മുന്നോടിയായല്ല. എല്ലാ തെരഞ്ഞെടുപ്പുകളുടെയും മുഖം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ബിജെപിയുടെ മുഖം മോദിയായിരിക്കും. പുതിയൊരു നേതൃത്വത്തിനായി അവസരമൊരുക്കുക എന്നത് ബിജെപിയിൽ മാത്രം നടക്കുന്ന കാര്യമാണ്’ – എന്നും മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വിജയ് രൂപാണി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here