ന്യൂ ഡൽഹി : സിപിഐ വിട്ട് കനയ്യ കുമാർ കോൺഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടയിലും പ്രതീക്ഷ കൈവിടാതെ സി പി ഐ ദേശീയ നേതൃത്വം. കനയ്യ കുമാറിനെതിരെ നടപടി ആലോചിക്കുന്നില്ലെന്ന് സി പി ഐ വൃത്തങ്ങൾ പറയുന്നു. എന്തു സംഭവിക്കുന്നു എന്നറിയാൻ ഒരു ദിവസം കാത്തിരിക്കുമെന്നും നേതാക്കൾ അറിയച്ചു. കനയ്യ ഇതു വരെ പാർട്ടി വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും സി പി ഐ നേതൃത്വം പറയുന്നു.

അതേസമയം കോൺഗ്രസ് പ്രവേശം സ്ഥിരീകരിച്ച ഗുജറാത്ത് എംഎൽഎ ജിഗ്‌നേഷ് മേവാനി, തനിക്കൊപ്പം കനയ്യ കുമാറും കോൺഗ്രസിലേക്ക് ചേരുമെന്നും പരസ്യ പ്രതികരണം നടത്തിയിരുന്നു . നാളെയാകും ഇരുവരും കോൺഗ്രസിൽ ചേരുക. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഡൽഹിയിലായിരിക്കും പാർട്ടി പ്രവേശം. ഭഗത് സിംഗ് ദിനത്തിൽ ഇരുവരും പാർട്ടിയിലെത്തുമെന്ന് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കനയ്യ റിപ്പോർട്ടുകൾ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

രാഹുൽഗാന്ധിക്ക് പുറമെ  പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോർ എന്നിവരുമായും യുവനേതാക്കൾ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. കനയ്യ കുമാറിന് ബിഹാറിൽ നിർണ്ണായക പദവി നൽകുമ്പോൾ ജിഗ്‌നേഷ് മേവാനിക്ക് ഗുജറാത്ത് വർക്കിംഗ് പ്രസിഡൻറ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. കനയ്യ കുമാറിനെ ഒപ്പം നിർത്താൻ  സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല. സിപിഐ ബിഹാർ ഘടകത്തോടൊപ്പം തുടരനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കനയ്യ.

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വാദ്ഗാം സീറ്റിൽ മത്സരിക്കുമ്പോൾ സ്ഥാനാർത്ഥിയെ നിർത്താതെ ജിഗ്‌നേഷ് മേവാനിക്ക് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുകയായിരുന്നു. വരാനിരിക്കുന്ന  ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു.  ഇരുവരും കോൺഗ്രസിലെത്തുമ്പോൾ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കൂടുതൽ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുൽ ഗാന്ധിയുടെ നീക്കം. ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിയുന്ന നേതാക്കളുടെ ക്ഷാമമുള്ളപ്പോൾ ഇരുവരുടെയും കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ

ഇതിനിടെ കനയ്യകുമാറിന്റെ കോൺഗ്രസ് പ്രവേശത്തിൽ എതിർപ്പില്ലെന്ന് ആർജെഡി വ്യക്തമാക്കി. ഇത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്.
കനയ്യയുടേത് വ്യക്തിപരമായ തീരുമാനവും. ഇക്കാര്യത്തിൽ മറ്റ് ചർച്ചകളുടെ ആവശ്യമില്ലെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here