രാജേഷ് തില്ലങ്കേരി

ന്യൂഡൽഹി : രാജ്യത്തെ കൽക്കരി ഖനികളെല്ലാം പ്രവർത്തനരഹിതമായതോടെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാവുന്നു. വെള്ളം കയറി പ്രവർത്തന രഹിതമായ കൽക്കരി ഖനികൾ പൂർവ്വ സ്ഥിതിയിലേക്ക് എത്തണമെങ്കിൽ ഏറെക്കാലം വേണം. രാജ്യം നേരിടുന്ന ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണാനായില്ലെങ്കിൽ വൈദ്യൂതി ഉൽപ്പാദനം പ്രതിസന്ധിയിലാവും. രാജ്യത്തെ വൈദ്യുതോൽപ്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയുപയോഗിച്ചാണ് നിലവിൽ നടക്കുന്നത്. രാജ്യത്ത് കൽക്കരിയുടെ സ്‌റ്റോക്ക് കേവലം നാലു ദിവസത്തേക്കുമാത്രമാണെന്നാണ് ഊർജ്ജവകുപ്പ് മന്ത്രാലയം അറിയിക്കുന്നത്, എന്നു പറഞ്ഞാൽ പ്രതിസന്ധി നമ്മുടെ വാതിൽപുറത്താണെന്നാണ്. പ്രതിസന്ധിയുടെ രൂക്ഷാവസ്ഥ വ്യക്തമായിട്ടും കേന്ദ്രസർക്കാർ ഇതുവരെയും പ്രശ്‌ന പരിഹാരത്തിനുള്ള മാർഗങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നതാണ് വ്യവസായികളെയും മറ്റും ആശങ്കയിലാക്കിയിരിക്കുന്നത്.  
വിദേശത്തുനിന്നും കൽക്കരി ഇറക്കുമതി ചെയ്യാനുള്ള നീക്കങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. വൈദ്യുതി പ്രതിസന്ധിയെ മറികടക്കാനുള്ള അടിയന്തിര നടപടി എന്താണെന്ന് സർക്കാരും ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.
ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ഫാക്ടറികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും.
കൽക്കരിക്ക് പകരം ഡീസൽ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഫാക്ടറി ഉടമകൾ സ്വന്തം നിലയിൽ ഡീലുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കണമെന്ന അനൗദ്യോഗിക അറിയിപ്പാണ് ഉണ്ടായിരിക്കുന്നത്. പെട്രോൽ, ഡീസൽ വില ദിനം പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് വൻ വിലവർദ്ധനവിന് വഴിവെക്കും.
കൽക്കരി ഇറക്കുമതി വൻബാധ്യതയുണ്ടാക്കുമെന്നതിനാൽ തൽക്കാലം ഇറക്കുമതിയിലേക്ക് നീങ്ങേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ചൈനയിൽ കൽക്കരി ഉൽപ്പാദനം നേരത്തെ കുറച്ചിരുന്നു. അതിനാൽ ചൈനയിൽ നിന്നും കൽക്കരി ഇറക്കുമതിയ്ക്കുള്ള സാധ്യതയും കുറയുകയാണ്.
കൂടംകുളം വൈദ്യുത നിലയം പൂർണമായും വൈദ്യുതി ഉൽപ്പാദനത്തിലേക്ക് വന്നിട്ടില്ല. എങ്കിലും തമിഴ് നാടിന് വൈദ്യുതി പ്രതിസന്ധി നേരിടേണ്ടിവരില്ല. കേന്ദ്ര പൂളിനെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധി പ്രതികൂലമായി ബാധിക്കും.
നിലവിൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടാവുമെന്ന് കെ എസ് ഇ ബി അറിയിപ്പ് നൽകി കഴിഞ്ഞു. പകൽ സമയത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്നാണ് വൈദ്യുതി വകുപ്പിന്റെയും നിലപാട്. ജലവൈദ്യുതിയെ  ആശ്രയിച്ച് മുന്നോട്ട് പോവുന്ന കേരളത്തിന് മഴ തിമർത്തു പെയ്യുമ്പോഴും പ്രതിസന്ധിയുണ്ടാവുന്നു എന്നതും ചോദ്യചിഹ്നമായിതീരും.
മഴക്കാലത്തുപോലും എയർകണ്ടീഷൻ ആവശ്യമായി വരുന്ന കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയുണ്ടായാൽ അത് വലിയതോതിൽ സർക്കാർ വിരുദ്ധ മനോഭാവം സൃഷ്ടിക്കുമെന്ന ഭയം ഭരണക്കാർക്കും ഉണ്ട്.
ആറ് രൂപ നൽകി വാങ്ങിയിരുന്ന വൈദ്യുതി 18 രൂപ നിരക്കിൽ വാങ്ങേണ്ടിയും വരും. ഇത് വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ തോതിൽ ഭാരം ഉണ്ടാക്കുമെന്നതും സംശയമില്ല.
രാജ്യത്താകമാനം വൈദ്യുതി പ്രതിസന്ധിയുണ്ടായാൽ അത് വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുക. പെട്രോൾ, ഡീസൽവില നേരെ ഇരട്ടിയാവാനും, എല്ലാ ഉൽപ്പന്നങ്ങളുടെയും വിലനേരെ ഇരട്ടിയാവാനും സാധ്യതയുണ്ട്.
കൊവിഡാനന്തരം പ്രതിസന്ധിയിലായ വ്യവസായത്തെ വീണ്ടും തകർക്കുന്ന സ്ഥിതിയാണ് രാജ്യത്ത് വന്നുപെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here