സ്വന്തം ലേഖകൻ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു പരിഹാരം കാണാനായി ബിജെപി സംസ്ഥാന ഘടകത്തിനുള്ളിൽ നടത്തുന്ന അഴിച്ചുപണിയിൽ പ്രമുഖ നേതാക്കൾ വിയോജിപ്പുമായി രംഗത്ത്.  പാർട്ടി കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കിയാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പുനഃസംഘടന നടത്തിയതെന്നാണ് ഇരുഗ്രൂപ്പിലെയും മുതിർന്ന നേതാക്കൾ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ ഇരുഗ്രൂപ്പുകളിലെയും നേതാക്കൾ പാർട്ടി വിട്ടേക്കുമെന്നും സൂചനയുണ്ട്.

വിവാദമായ കൊടകര കള്ളപ്പണക്കേസിൽ ആരോപണം നേരിടുന്ന സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സ്ഥാനമൊഴിയണമെന്ന് മുതിർന്ന നേതാക്കളും കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വത്തോടു ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാർട്ടി കോർ കമ്മിറ്റിയിൽ ചർച്ച ചെയ്തത് ഒഴിഞ്ഞു കിടക്കുന്ന കസേരകളിൽ ഭാരവാഹികളെ നിയമിക്കുന്ന കാര്യം മാത്രമായിരുന്നു. എന്നാൽ അധികം കൂടിയാലോചനകൾക്ക് മുതിരാതെ കെ സുരേന്ദ്രനോടു അടുപ്പമുള്ള ചില നേതാക്കളെ നിലനിർത്തി പുനഃസംഘടന പൂർത്തിയാക്കിയെന്നാണ് ആരോപണം. മുതിർന്ന നേതാക്കൾ അടക്കം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ തിരിയുന്നത് നിലവിലെ പ്രശ്‌നം രൂക്ഷമാക്കുമെന്നാണ് സംഘപരിവാറിലെ ഒരു വിഭാഗത്തിന്റെ ആശങ്ക.
ബിജെപിയുടെ ഒരു മുൻ സംസ്ഥാന അധ്യക്ഷനൊപ്പം ഒരു സംഘം മുതിർന്ന നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനം സംബന്ധിച്ച് മണ്ഡലങ്ങളിൽ നിന്നുള്ള പരാതി ലഭിച്ച ശേഷം പുനഃസംഘടന നടത്തിയാൽ മതിയെന്ന തീരുമാനം അട്ടിമറിച്ചെന്നണ് നേതാക്കളുടെ പരാതി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കെ സുരേന്ദ്രനെതിരെ സ്വന്തം ഗ്രൂപ്പിലെ തന്നെ ചില നേതാക്കളും തിരിഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്തെ രണ്ട് പ്രമുഖ ന്യൂനപക്ഷ നേതാക്കളും പാർട്ടി വിടുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രകടനം മോശമായതിന്റെ പേരിൽ ബി ജെ പി അഞ്ചിടത്തെ ജില്ലാ അധ്യക്ഷന്മാരെ മാറ്റിയിരുന്നു. കൂടാതെ കഴിഞ്ഞ വർഷം ജില്ലാ അധ്യക്ഷസ്ഥാനം നഷ്ടമായവരെയും ഈ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബി ജെ പി മുൻ സംസ്ഥാന സെക്രട്ടറി എ കെ നസീർ ബി ജെ പിയുടെയും എൻ ഡി എയുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഒഴിവായതായും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനത്താകെ  മോശം പ്രകടനമുണ്ടായപ്പോൾ അഞ്ച് ജില്ലകളിലെ മാത്രം അധ്യക്ഷന്മാരെ മാറ്റിയതാണ് നേതാക്കളുടെ അമർഷത്തിനു പിന്നിലെ മറ്റൊരു കാരണം. ഇതോടെ ഇരുഗ്രൂപ്പുകളിലും പ്രാദേശിക ഘടകങ്ങളിൽ വലിയ അമർഷമാണ് ഉയർന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലു മണ്ഡലങ്ങളിൽ ബി ജെ  പി നാലാം സ്ഥാനത്തായിരുന്നു ഫിനിഷ് ചെയ്തത്. ഇതിൽ എറണാകുളം മണ്ഡലത്തിൽ ഉൾപ്പെടെ വലിയ പൊളിച്ചെഴുത്ത് ഉണ്ടായിട്ടില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വളരെ മോശം പ്രകടനം കാഴ്ച വെച്ച ചിലയിടങ്ങളിൽ ജില്ലാ അധ്യക്ഷന്മാരെ മാറ്റിയിട്ടില്ലെന്നും വിമർശനമുണ്ട്.

തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പ്രാദേശികതലത്തിൽ നിന്ന് ലഭിക്കുന്ന പരാതികൾ ചർച്ച ചെയ്യാനായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി കെ കൃഷ്ണദാസ്, എം ഗണേശൻ, കെ സുഭാഷ് എന്നിവരും അടങ്ങുന്ന സമിതിയ്ക്ക് രൂപം നൽകിയിരുന്നു. എന്നാൽ ഈ സമിതി ഒരിക്കൽ പോലും യോഗം ചേർന്നില്ലെന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ രഹസ്യമായി അഴിച്ചുപണി നടത്തുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു. പുനഃസംഘടനയുടെ വിശദാംശങ്ങൾ അറിഞ്ഞതു പോലും ബി ജെ പിയുടെ ഫേസ്ബുക്ക് പേജ് വഴിയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here