ബെംഗളൂരു: ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്തുന്നതിൽ കർണാടക    സർക്കാരിനെതിരെ ഹൈക്കോടതിയിൽ ഹർജി. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ എന്ന സംഘടനയാണ് ഹർജി നൽകിയത്. സർവേ തടയണമെന്നും നടപടി ഭരണഘടനാ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു. കർണാടകയിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങവേയാണ് ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.

സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാളുകളിലും പരിശോധന നടത്താൻ ജില്ലാ പൊലീസ് മേധാവിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യൻ പള്ളികളുടെ കണക്കെടുപ്പ് നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. പള്ളികളുടെ മാത്രം കണക്ക് എടുക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് കാണിച്ച് കൗൺസിൽ സർക്കാരിന് ഇന്നലെ കത്തും അയച്ചിരുന്നു.

അതിനിടെ മതപരിവർത്തനം ആരോപിച്ച് കർണാടകയിൽ ക്രിസ്ത്യൻ പള്ളികളിൽ ഇന്ന് വീണ്ടും ബജറംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ചു. ഹുബ്ലിയിലും മംഗ്ലൂരുവിലുമാണ് ബജറംഗ് ദൾ പ്രവർത്തകർ പ്രതിഷേധിച്ചത്. ഹുബ്ലിയിൽ പ്രതിഷേധം കാരണം പള്ളികളിൽ കൂടുതൽ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചു. പ്രതിഷേധം അറിയിച്ച് കാത്തലിക്ക് ബിഷപ്പ് കൗൺസിൽ മുഖ്യമന്ത്രി ആർച്ച് ബിഷപ്പ് നാളെ വാർത്താസമ്മേളനം വിളിക്കുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here