തിരുവനന്തപുരം: കടുത്ത  പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെഎസ്ആർടിസി. പെൻഷൻ തുക മുടങ്ങുകയും ശമ്പള പരിഷ്‌കരണ ചർച്ച പാതി വഴിയിൽ നിലയ്ക്കുകയും ചെയ്തു. ഇതോടെ ഭരണ പ്രതിപക്ഷ യൂണിയനുകൾ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിിരിക്കുകയാണ്. അതേസമയം അധിക ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള ലേ ഓഫ് നിദ്ദേശം പരിഗണനയിലുണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഒക്ടോബർ മാസം അവസാനിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കുമ്പോഴും കെഎസ്ആർടിസിയിൽ ഈ മാസത്തെ പെൻഷൻ വിതരണം ചെയ്തിട്ടില്ല. പെൻഷൻ വിതരണം ചെയ്ത വകയിൽ സഹകരണ ബാങ്കുകൾക്ക് സർക്കാരിൽ നിന്ന് മൂന്നുമാസത്തെ കുടിശ്ശിക ലഭിക്കാനുണ്ട്. ഇത് ലഭിക്കാതെ തുടർന്ന് പെൻഷൻ നൽകാനാകില്ലെന്നാണ് സഹകരണ ബാങ്കുകളുടെ നിലപാട്.

പണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നാണ് ധനവകുപ്പിൻറെ വിശദീകരണം. പത്ത് വർഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാർക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്‌കരണ ചർച്ചകൾ വഴി മുട്ടി. സെപ്റ്റംബർ 20ന് ശേഷം ഇതുവരെ ചർച്ച നടന്നിട്ടില്ല.

മൂന്ന് അംഗീകൃത ട്രേഡ് യൂണിയനുകളും സൂചന പണിമുടക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. പ്രതിപക്ഷ ട്രേഡ് യൂണിയനായ ടിഡിഎഫ് നവംബർ 5 ,6 തീയതികളിലും എംപ്‌ളോയീസ് സംഘ് നവംബർ 5 നും പണിമുടക്കും. ഭരാണാനുകൂല സംഘടനയായ എബ്ലോയീസ് അസോസിയേഷൻ നവംബർ 5 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സർവ്വീസുകൾ കുറഞ്ഞതോടെ വരുമാനവും കുത്തനെ ഇടിഞ്ഞു. 7500 ൽപരം ജീവനക്കാർ നിലവിലെ സാഹചര്യത്തിൽ കൂടുതലാണെന്ന് കെ എസ് ആർ ടി സി വിലയിരുത്തിയിട്ടുണ്ട്. വരുമാനത്തിൽ നിന്ന് ശമ്പള ചെലവ് കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ ലേ ഓഫ് വേണ്ടി വരുമെന്ന് എം ഡി സരക്കാരിനെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ നയപരമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും ഈ നിർദ്ദേശം പരിശോധിക്കുകയാണെന്ന് സർക്കാർ നിയമസഭയെ രേഖമൂലം അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here