ന്യൂഡൽഹി : ട്വന്റി 20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ ഇന്ത്യ പാകിസ്ഥാനോട്‌ പരാജയപ്പെട്ടതിന്‌ പിന്നാലെ പഞ്ചാബിൽ കശ്‌മീരി വിദ്യാർഥികൾക്ക്‌ നേരെ ആക്രമണം. പഞ്ചാബിലെ സംഗ്രൂർ ജില്ലയിലെ ഭായ്‌ ഗുരുദാസ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ എൻജിനിയറിങ്‌ ആൻഡ്‌ ടെക്‌നോളജി, ഖറാറിലെ റയാത്ത്‌ ബഹ്രത് സർവകലാശാല എന്നിവിടങ്ങളിലാണ്‌ വിദ്യാർഥികൾക്ക്‌ നേരെ ആക്രമണമുണ്ടായത്‌.

ബിഹാർ, ഉത്തർപ്രദേശ്‌, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ മർദ്ദനമേറ്റ വിദ്യാർഥികളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.  മത്സരം സമാപിച്ചയുടനെ അക്രമികൾ ഹോസ്‌റ്റലിൽ എത്തുകയും കശ്‌മീരി വിദ്യാർഥികളുടെ മുറികളിലേക്ക്‌ അതിക്രമിച്ച്‌ കയറി ആക്രമിക്കുകയുമായിരുന്നു.

പൊലീസ്‌ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രിച്ചു. പരിക്കേറ്റതിന്റെയും ഹോസ്‌റ്റലിൽ കസേരകളും കട്ടിലുകളും തകർന്ന്‌ കിടക്കുന്നതിന്റെയും ദൃശ്യങ്ങൾ വിദ്യാർഥികൾ തന്നെ നവമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

മത്സരം തോറ്റതിന്‌ പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ഷമിയ്‌ക്കെതിരെ സൈബർ ആക്രമണവും നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here