ഇന്ത്യയില്‍ ആദ്യമായി കോ-ലിവിങ്ങിന് തുടക്കമാകുകയാണ് ഹൈദരാബാദ് നഗരത്തില്‍. 47 നിലകളില്‍ ഒരുങ്ങുന്ന ആഢംബര കെട്ടിടത്തിന് ഹെദരാബാദ് വണ്‍ അഥവാ എച്ച്1 എന്നാണ് പേരു നല്‍കിയിരിക്കുന്നത്. 1500 കോടി മുതല്‍ മുടക്കില്‍ അന്താരാഷ്ട്ര ആര്‍ക്കിടെക്ചര്‍ കമ്പനിയായ ചാപ്മാന്‍ ടെയ്‌ലറാണ് കെട്ടിടം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഓക്വഡ് കമ്പനിയുടെയും സെന്‍സേഷന്‍ ഇന്‍ഫ്രാകോണ്‍ ട്രാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും പങ്കാളിത്തത്തിലാണ് പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. 41 നിലകളിലായാണ് താമസസൗകര്യം ഒരുങ്ങുന്നത്. ഇതില്‍ അഞ്ചു നിലകള്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും. ഒരു മുറിയില്‍ രണ്ട് പേര്‍ക്ക് താമസിക്കാവുന്ന വിധത്തിലാവും ക്രമീകരണങ്ങള്‍. 26000 മുതല്‍ 36000 രൂപവരെയായിരിക്കും ഓരോ താമസക്കാരില്‍ നിന്നും വാടകയിനത്തില്‍ ഈടാക്കുന്നത്.

വ്യത്യസ്ത ഇടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് അത്യാഡംബര സൗകര്യങ്ങളോടെ കൂട്ടായി കഴിയാനുള്ള സൗകര്യങ്ങളാവും ഇവിടെയുള്ളത്. സ്വിമ്മിംഗ് പൂള്‍ അടക്കമുള്ള സൗകര്യങ്ങളോടെ ഒരുങ്ങുന്ന ടെറസ് ലോഞ്ച്, ഫുഡ് ഔട്ട്ലെറ്റുകള്‍, സെവന്‍ സ്റ്റാര്‍ ബാര്‍, സെലിബ്രിറ്റി ജിം, ഗെയിമിംഗിനായുള്ള പ്രത്യേക സ്ഥലം, ക്ലബ്ബ് തുടങ്ങിയ സൗകര്യങ്ങള്‍ക്കു പുറമേ വിശാലമായ പാര്‍ക്കിങ് ഏരിയയും ഉണ്ടാകും.

കെട്ടിടം പൂര്‍ണമായും ലഹരിവിരുദ്ധ സോണ്‍ ആയിരിക്കുമെന്നും സ്ത്രീകളുടെ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും സെന്‍സേഷന്‍ ഇന്‍ഫ്രാക്കോണിന്റെ മാനേജിങ് ഡയറക്ടറായ ഭവിഷ്യ ഗുപ്ത അറിയിച്ചു. ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ ഏത് വിഭാഗത്തില്‍പെടുന്നവരേയും എച്ച്1 ലേയ്ക്ക് സ്വാഗതം ചെയ്യും. ഇത്തരമൊരു ആശയം ഇതാദ്യമായാണ് ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നത് എന്ന് ചാപ്മാന്‍ ടെയ്‌ലര്‍ ഇന്ത്യയുടെ ഡയറക്ടറായ സപ്ന കുമാര്‍ പറയുന്നു. കെട്ടിടത്തിന്റെ നിര്‍മ്മാണം 2026 ഓടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here