ന്യൂഡല്‍ഹി: ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച് സുപ്രീംകോടതി. പ്രായപൂര്‍ത്തിയായവര്‍ സ്വമേധയാ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയ സമ്മതപ്രകാരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് എതിരെ നടപടി പാടില്ലെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ലൈംഗികത്തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ച സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം മറ്റ് പൗരന്മാരെ പോലെ ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും നിയമത്തില്‍ തുല്യ സംരക്ഷണത്തിന് അര്‍ഹതയുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്. വേശ്യാലയം റെയ്ഡ് ചെയ്യുമ്പോള്‍ ഉഭയസമ്മത പ്രകാരം ബന്ധത്തില്‍ ഏര്‍പ്പെടുന്ന ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ പീഡിപ്പിക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ലൈംഗികത്തൊഴിലാളികളെ അവരുടെ മക്കളില്‍ നിന്ന് വേര്‍പെടുത്തരുത്. അമ്മയ്‌ക്കൊപ്പം വേശ്യാലയത്തില്‍ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ട് വന്നതാണെന്ന് കരുതരുത്. ലൈംഗിക പീഡനത്തിനെതിരേ ലൈംഗികത്തൊഴിലാളികള്‍ നല്‍കുന്ന പരാതികള്‍ പോലീസ് വിവേചനപരമായി കണക്കാക്കരുതെന്നും പരാതി നല്‍കുന്നവര്‍ക്ക് എല്ലാ വൈദ്യ,നിയമ സഹായങ്ങളും നല്‍കണമെന്നും കോടതി വിധിയില്‍ പറയുന്നു.

അംഗീകാരം ഇല്ലാത്ത വര്‍ഗമെന്ന് കണക്കാക്കി ലൈംഗികത്തൊഴിലാളികള്‍ക്ക് നേരേ സ്വീകരിക്കുന്ന സമീപനം പോലീസ് മാറ്റണം. ലൈംഗികത്തൊഴിലാളികള്‍ക്ക് എതിരായ
വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ അവരുടെ പേരോ ചിത്രമോ പരസ്യപ്പെടുത്തരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here