ന്യൂഡല്‍ഹി: ലോക സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനം കൈയ്യടക്കി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്തള്ളിയാണ് അദാനിയുടെ നേട്ടം. ബില്‍ ഗേറ്റ്‌സ് 20 ശതകോടി ഡോളര്‍ ‘ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്’ സംഭാവന ചെയ്തതോടെയാണ് 115.5 ശതകോടി ഡോളര്‍ ആസ്തിയുള്ള് ഗൗതം അദാനി ഫോബ്‌സ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ലുയീ വുട്ടോണ്‍ സഹസ്ഥാപകന്‍ ബെര്‍ണാര്‍ഡ് ആര്‍ണോള്‍ട്ട്, ടെസ്ലയുടെ ഇലോണ്‍ മസ്‌ക്ക് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

ഇസ്രയേലിലെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ അദാനി ഗ്രൂപ്പ് നേടിയതിന് പിന്നാലെയാണ് ഫോബ്‌സ് പട്ടികയിലെ മാറ്റം. ഇസ്രയേല്‍ കമ്പനിയായ ഗാഡോട് ഗ്രൂപ്പുമായാണ് അദാനി ഗ്രൂപ്പ് പങ്കുചേരുന്നത്. ‘ഇസ്രയേലിലെ ഹൈഫ തുറമുഖം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ ഞങ്ങളുടെ പങ്കാളിയായ ഗാഡോടുമായി ചേര്‍ന്ന് നേടിയതില്‍ സന്തോഷമുണ്ട്. ഇരുരാജ്യങ്ങളേയും സംബന്ധിച്ച് ഇതിന് തന്ത്രപരവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്’, അദാനി ട്വിറ്ററില്‍ കുറിച്ചു. ഇസ്രായേലിന്റെ മൂന്ന് അന്താരാഷ്ട്ര തുറമുഖങ്ങളില്‍ ഏറ്റവും വലുതാണ് ഹൈഫ തുറമുഖം.
ജൂലൈ 14നാണ് ‘ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന’ 20 ശതകോടി ഡോളര്‍ സംഭാവന നല്‍കുന്നതായി ബില്‍ ഗേറ്റ്സ് പ്രഖ്യാപിച്ചത്. കൊവിഡ്-19, യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ അധിനിവേശം തുടങ്ങിയ ആഗോള വെല്ലുവിളികളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

പ്രതിസന്ധി കാലഘട്ടത്തില്‍ എല്ലാവരും സഹായഹസ്തവുമായി മുന്നോട്ട് വരണമെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞു. ഭാവിയില്‍ തന്റെ സമ്പത്ത് മുഴുവന്‍ ചാരിറ്റിക്ക് വേണ്ടി സംഭാവന നല്‍കുമെന്നും ബില്‍ ഗേറ്റ്സ് വ്ളോഗിലൂടെ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ സംഘടനകളിലൊന്നായ ‘ബില്‍ ആന്റ് ഗേറ്റ്സ് ഫൗണ്ടേഷന്‍’, 2026-ഓടെ ഓരോ വര്‍ഷവും അതിന്റെ പ്രതിവര്‍ഷ സംഭാവന ഉയര്‍ത്താനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here