മുരളി ജെ. നായർ

ജൂലായ് 7  മുതൽ 10  വരെ ഫ്ളോറിഡയിലെ ഓർലാണ്ടോയിൽനടന്ന ഫൊക്കാനാ കൺ വെൻഷനിൽ ഉയർന്നുകേട്ട ഒരു പ്രതികരണം, ഇപ്രാവശ്യത്തെ സാഹിത്യസമ്മേളനത്തിൻ്റെ വ്യത്യസ്തതയെപ്പറ്റിയായിരുന്നു. മികച്ച എഴുത്തുകാരും ആസ്വാദകരും പങ്കെടുത്ത സമ്മേളനം കൺ വൻഷനിലെ തന്നെ മികച്ച പരിപാടികളിലൊന്നായിരുന്നു.


സാഹിത്യസമ്മേളനം കോ-ഓർഡിനേറ്റർ ഗീതാ ജോർജിൻ്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച ചടങ്ങുകൾ ഫൊക്കാനാ പ്രസിഡൻ്റ് ജോർജി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.


എഴുത്തുകാരൻ്റെ മൗലികവും സർഗാത്മകവുമായ ഉൾക്കാഴ്ച്ചകൾ കൈവിടാതെ കൊണ്ടുപോകാൻ ഇത്തരം സമ്മേളനങ്ങൾ അത്യന്താപേക്ഷിതമാണെന്ന്, യോഗനടപടികൾ നിയന്ത്രിച്ചുകൊണ്ട് കൊ ചെയർ   കോരസൺ വർഗീസ് അഭിപ്രായപ്പെട്ടു.

ആദ്യസെഷനിൽ വിവർത്തനസാഹിത്യത്തിലെ സാധ്യതകളെപ്പറ്റിയും വെല്ലുവിളികളെപ്പറ്റിയും സാഹിത്യസമ്മേളനം ചെയർ  മുരളി ജെ. നായർ വിശദമായി സംസാരിച്ചു.  ഇന്ത്യയിലെ പ്രശസ്തരായ എഴുത്തുകാരുടെ രചനകൾ,  ഇംഗ്ലീഷിൽ വിവർത്തനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവ വിശ്വസാഹിത്യത്തിൻ്റെ മുഖ്യധാരയിലേക്ക് എത്താത്തതിൻ്റെ കാരണങ്ങൾ നമ്മൾ കൂടുതൽ ഗൗരവമായി കാണേണ്ടിയിരിക്കുന്നു.  
 
 
അമേരിക്കക്കാർ ഉപയോഗിക്കുന്ന ദൈനംദിന ഇംഗ്ളീഷിൽനിന്ന് വ്യത്യസ്തമായി ഇന്ത്യയിൽ നിലവിലിരിക്കുന്ന അക്കാഡമിക് ഇംഗ്ളീഷിൽ പരിഭാഷകൾ നടക്കുന്നത് ഒരു വലിയ പോരായ്മയായിത്തീരുന്നു. വി. ജെ. ജെയിംസിൻ്റെ ചോരശാസ്ത്രം ഇംഗ്ളീഷിലേക്കു വിവർത്തനം ചെയ്തപ്പോൾ നേരിട്ട വെല്ലുവിളികളും അനുഭവങ്ങളും മുരളി ജെ. നായർ തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു.

സാഹിത്യകാരന്മാരെ അംഗീകരിക്കാന്‍ ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് ഫാ. ഡേവിഡ് ചിറമ്മൽ പറഞ്ഞു.  മരണത്തിന് പോലും കവര്‍ന്നെടുക്കാന്‍ സാധിക്കാത്ത സൃഷ്ടികളുണ്ടാവട്ടെ എന്നദ്ദേഹം ആശംസിച്ചു.

നമ്മുടെ നാട്ടില്‍ പോലും മലയാള ഭാഷയ്ക്ക് നമ്മള്‍ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്  സംശയം പ്രകടിപ്പിച്ചു.  മണ്ണിന്റെ മണമുള്ള നമ്മുടെ ഭാഷയെ പരിപോഷിപ്പിക്കുന്നതിനും ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നതിനും വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയം കൊണ്ട് ആശംസകളും നന്ദിയും അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ സെഷനിൽ മുഖ്യപ്രഭാഷണം നടത്തിയ പ്രമുഖ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ഡോ. പ്രമീളാദേവി,  സമൂഹത്തില്‍ നടമാടുന്ന വിവിധ വിഷയങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്തം എഴുത്തുകാരനുണ്ടെന്ന് അഭിപ്രായപ്പെട്ടു. എഴുത്തുകാരന് മാത്രമാണ് മൂന്നാം കണ്ണുള്ളത്. അതിനാല്‍, അയാള്‍ കാണുന്ന അത്രയും സൂക്ഷ്മമായി മറ്റാര്‍ക്കും സമൂഹത്തെ കാണാന്‍ കഴിയില്ല. തെറ്റുകള്‍ തിരുത്താനായി നമ്മോട് സംസാരിക്കേണ്ടത് എന്നും എഴുത്തുകാരനാണ്,  അവര്‍ക്ക് സമൂഹമാറ്റത്തിനായി ഇടപെടാന്‍ കഴിയും, തിന്മകളെ ചൂണ്ടിക്കാണിക്കാനും  നന്മകള്‍ ചെയ്യാന്‍ സമൂഹത്തെ ഉദ്ബോധിപ്പിക്കാനും കഴിയും,  ഡോ. പ്രമീളാദേവി പറഞ്ഞു.

ഫൊക്കാന ജനറൽ സെക്രട്ടറി  സജിമോൻ ആന്റ്റണി, ആനി പോൾ, മത്തായി ചാക്കോ എന്നിവരും ഇ-മലയാളി എഡിറ്റർ ജോർജ് ജോസഫും ആശംസകൾ നേർന്നു .

തുടർന്ന്, വിവിധ സാഹിത്യശാഖകളിൽ അവാർഡ് നേടിയ, അമേരിക്കയിലും കാനഡയിലുമുള്ള സാഹിത്യപ്രതിഭകളായ ഉമാ സജി, ജീനാ രാജേഷ്, എം.പി. ഷീല, ജേക്കബ് ജോൺ, ഫ്രാൻസിസ് തടത്തിൽ, എൽസാ നീലിമ, ഷാഹിദ  റഫീക്, വർഗീസ് ഏബ്രഹാം ഡെൻവർ എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൊ ചെയർ പേർസൺ ബെന്നി കുര്യൻ്റെ നന്ദി പ്രകടനത്തോടെ സാഹിത്യസമ്മേളനം സമാപിച്ചു.

 

ഡോ കോരസൺ വർഗീസ് പ്രൊഫ. ഗോപിനാഥ് മുതുകാടുമായി നടത്തിയ അഭിമുഖം കൂടി കാണുക:

LEAVE A REPLY

Please enter your comment!
Please enter your name here