മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ അഞ്ചു പ്രതികളും കുറ്റക്കാരെന്ന് ഡല്‍ഹി കോടതി. ഡല്‍ഹിയിലെ സാകേത് സെഷൻസ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. നാലു പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. അഞ്ചുപേര്‍ക്കെതിരെയും മക്കോക പ്രകാരമുള്ള വകുപ്പുകളും ചുമത്തി. അപൂർവങ്ങളിൽ അപൂർവ്വം അല്ലാത്തതിനാൽ പ്രതികൾക്കെതിരെ വധശിക്ഷ ഉണ്ടാകില്ലെന്ന് അറിയാമെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സൗമ്യയുടെ പിതാവ് വിശ്വനാഥന്‍ പ്രതികരിച്ചു. കുറ്റവാളികള്‍ക്കുള്ള ശിക്ഷയില്‍ ഈ മാസം 26 ന് വാദം കേള്‍ക്കും.

ഹെഡ് ലൈൻസ് ടുഡെയിൽ ന്യൂസ് പ്രൊഡ്യൂസറായിരുന്ന സൗമ്യ വിശ്വനാഥൻ ജോലി കഴിഞ്ഞ് കാറിൽ മടങ്ങവെ 2008 സെപ്റ്റംബർ 30ന് പുലർച്ചെ വെടിയേറ്റു മരിക്കുകയായിരുന്നു. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നായിരുന്നു പോലീസ് കണ്ടെത്തൽ . രവി കപൂർ, ബൽജീത്ത് സിങ്ങ് ,അമിത് ശുക്ള , അജയ് കുമാർ , അജയ് സേത്തി എന്നിവരാണ് പ്രതികൾ . 2010 ഏപ്രിൽ ആരംഭിച്ച വിചാരണ കഴിഞ്ഞ ആറാം തീയതിയാണ് പൂർത്തിയായത്. നെൽസൺ മണ്ടേല മാർഗിൽ സൗമ്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. 2009ല്‍ ജിഗിഷ ഘോഷ് എന്നയാളുടെ കൊലപാതകത്തിന്റെ അന്വേഷണത്തിനിടെയാണ് സൗമ്യയുടെ കൊലപാതകം സംബന്ധിച്ച് രവി കപൂർ ഗ്യാങ് കുറ്റം സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here