പെണ്‍മക്കള്‍ പലര്‍ക്കും ബാധ്യതയാണ്. കല്യാണം കഴിപ്പിച്ചയക്കുമ്പോള്‍ ചെന്നു കയറുന്ന വീട് സ്വന്തമായി കാണണമെന്നും അവിടെ എന്ത് പ്രശ്നമുണ്ടായാലും അഡ്ജസ്റ്റ് ചെയ്ത് ജീവിക്കണമെന്നുമാണ് പലരും മക്കളെ പറഞ്ഞു പഠിപ്പിക്കുക. പറഞ്ഞതു പോലെ ചെന്നു കയറുന്ന വീട് സ്വന്തമായി കാണാന്‍ ശ്രമിച്ചാലും പ്രതികൂലാവസ്ഥകളില്‍ ചിലപ്പോള്‍ പെണ്‍കുട്ടികള്‍ തകര്‍ന്നു പോകും. മാനസിക ശാരീരിക പീഡനങ്ങളും സമാധാനമില്ലാത്ത അവസ്ഥയുമെല്ലാം തളര്‍ത്തുമെങ്കിലും തിരികെ പോയാല്‍ വരവേല്‍ക്കാന്‍ ആരുമില്ലെന്ന ചിന്ത എല്ലാം സഹിക്കാന്‍ പലരേയും പ്രേരിപ്പിക്കും. സഹികെടുന്ന സമയത്ത് പലരും ജീവന്‍ തന്നെ അവസാനിപ്പിക്കും. എന്നാല്‍ മകളെ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ മാത്രമല്ല, അവള്‍ക്കവിടെ തുടരാന്‍ പറ്റില്ലെന്ന് കണ്ടാല്‍ തിരികെ കൊണ്ടു വരുമ്പോഴും ആഘോഷത്തോടെ അവളെ സ്വീകരിക്കണമെന്ന് തെളിയിക്കുകയാണ് ഒരച്ഛന്‍.

ജാര്‍ഖണ്ഡ് സ്വദേശിയായ പ്രേം ഗുപ്ത എന്ന പിതാവ് തന്റെ മകള്‍ സാക്ഷിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തിരികെ കൊണ്ടു വരുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. വെറുതെ കൂട്ടിക്കൊണ്ടു വരികയല്ല, പടക്കം പൊട്ടിച്ചും ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെയുമൊക്കെയാണ് പ്രേംഗുപ്ത മകളെ തിരികെ സ്വീകരിച്ചത്. മകള്‍ ഭര്‍തൃവീട്ടില്‍ പീഡനങ്ങളനുഭവിക്കുകയാണെന്ന വിവരമറിഞ്ഞാണ് പ്രേംഗുപ്ത അവിടെയെത്തുന്നത്. തികച്ചും സ്വാഭാവികമായി ‘സാക്ഷിയെ ഞാന്‍ വീട്ടിലേയ്ക്ക് കൊണ്ടു പോകുന്നു. ഈ വിവാഹ ബന്ധം പരസ്പര സമ്മതത്തോടെ അവസാനിപ്പിക്കാന്‍ആഗ്രഹിക്കുന്നു, ബാക്കിയെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ’ എന്നു പറഞ്ഞ് മകളേയും ചേര്‍ത്തു പിടിച്ച് പിതാവ് പടിയിറങ്ങി. ഹൃദയം നിറക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

2022 ഏപ്രിലിലാണ് സച്ചിന്‍ കുമാര്‍ എന്നയാള്‍ സാക്ഷിയെ വിവാഹം കഴിച്ചത്. വളരെ ആര്‍ഭാടത്തോടെയാണ് പ്രേം ഗുപ്ത മകളുടെ വിവാഹം നടത്തിയത്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭര്‍ത്താവിന്റെ മറ്റൊരു മുഖം സാക്ഷി കണ്ടു. നേരത്തേ വിവാഹിതനായിരുന്ന സച്ചിന്‍ അക്കാര്യം മറച്ചുവെച്ചാണ് സാക്ഷിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ ശാരീരിക ഉപദ്രവം. ഭര്‍തൃവീട്ടുകാരുടെ നിരന്തരപീഡനം എന്നിവയെല്ലാം സാക്ഷിയെ തളര്‍ത്തി. പ്രേം ഗുപ്ത ക്യാന്‍സര്‍ രോഗബാധിതനാണ്. അച്ഛന്റെ രോഗാവസ്ഥയും വീട്ടുകാര്‍ സങ്കടപ്പെടുമോയെന്ന ഭയവും കാരണം സാക്ഷി താന്‍ നേരിടുന്ന പ്രശ്നങ്ങള്‍ മാതാപിതാക്കളെ അറിയിക്കാന്‍ ഭയന്നു.

എന്നാല്‍ വിവരങ്ങളെല്ലാം അറിഞ്ഞ് സച്ചിന്റെ വീട്ടിലെത്തിയ പ്രേം ഗുപ്ത ഈ ലോകത്തിലെ ഏറ്റവും നല്ല അച്ഛനാണ് താനെന്ന് തെളിയിച്ചു. മകളെ എത്ര സന്തോഷത്തോടെ വിവാഹം കഴിപ്പിച്ചയച്ചുവോ, അത്ര തന്നെ സന്തോഷത്തോടെ അവളുടെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്തും അവളെ ചേര്‍ത്തു പിടിച്ചു. തിരികെ വിളിച്ചു കൊണ്ടുവന്നു. ബാന്‍ഡ് മേളത്തിന്റെയും വര്‍ണപൂത്തിരികളുടെയും അകമ്പടിയോടെ വിവാഹ ദിവസത്തേക്കാള്‍ ആഘോഷപൂര്‍ണമായി സാക്ഷി തന്റെ വീട്ടിലേയ്ക്ക് തിരികെ കയറി.

പ്രേം ഗുപ്ത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വരികളും വൈറലായിരിക്കുകയാണ്. ‘നിങ്ങളുടെ മകളുടെ വിവാഹം വളരെ ആഡംബരത്തോടെയും ആര്‍ഭാടത്തോടെയുമാകാം നടക്കുന്നത്. എന്നാല്‍ ഭര്‍തൃവീട്ടില്‍ അവള്‍ വഞ്ചിക്കപ്പെട്ടാല്‍, വേദനിക്കാനിടയായാല്‍, നിങ്ങളുടെ മകളെ നിങ്ങളുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരണം. പെണ്‍മക്കള്‍ വളരെ വിലപ്പെട്ടവരാണ്.’ എന്നായിരുന്നു പ്രേംഗുപ്ത സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here