
തീവണ്ടികളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും 2027-ഓടെ യാത്രാസൗകര്യം ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 13,000 ആയി ഉയര്‍ത്തുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് NDTV റിപ്പോര്‍ട്ട് ചെയ്തു. ദീപാവലി സമയത്ത് രാജ്യത്തെ തീവണ്ടികളിലും റെയില്‍വെ സ്റ്റേഷനുകളിലും വന്‍ തിരക്ക് അനുഭവപ്പെടുകയും ബിഹാറില്‍ തിങ്ങിനിറഞ്ഞ ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ഒരാള്‍ മരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് റെയില്‍വെ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍.
ആദ്യപടിയെന്ന നിലയില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കാനാണ് നീക്കം. നിലവില്‍ 10,748 ട്രെയിനുകളാണ് രാജ്യത്ത് എല്ലാദിവസവും സര്‍വീസ് നടത്തുന്നത്. നാലുവര്‍ഷംകൊണ്ട് 3,000 ട്രെനുകള്‍ കൂടി ട്രാക്കിലിറക്കും. വര്‍ഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യാത്രാസമയം കുറയ്ക്കാനുള്ള നടപടികളും റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ട്രാക്കുകള്‍ നിര്‍മിക്കും. ട്രെയിനുകളുടെ സ്പീഡ് വര്‍ധിപ്പിക്കും. പുഷ്- പുള്‍ ട്രെയിനുകള്‍ അവതരിപ്പിച്ചാല്‍ ത്വരണവും വേഗതകുറയ്ക്കലും പെട്ടന്നാക്കാന്‍ സാധിക്കും. അതുവഴി തീവണ്ടികളുടെ വേഗതവര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.