അരവിന്ദ് കേജ്‌രിവാളിനെ ആറുദിവസത്തേക്ക് ഇ.ഡി. കസ്റ്റഡിയില്‍ വിട്ട് കോടതി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഈ മാസം 28 വരെ കസ്റ്റഡിയില്‍ വിട്ടത്. പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.

കേജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.ഡി. ഉയര്‍ത്തിയത്. മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ കേജ്‍രിവാള്‍ ആണ്.  സൗത്ത് ഗ്രൂപ്പില്‍നിന്ന് കേജ്‍രിവാള്‍  കോഴ ചോദിച്ചുവാങ്ങി. 100 കോടി കോഴ നല്‍കിയ സൗത്ത് ഗ്രൂപ്പിന് 600 കോടി ലാഭമുണ്ടായി. അഴിമതിക്ക് തെളിവുകളും സാക്ഷിമൊഴികളുമുണ്ട് എന്നും ഇ.ഡി. പറഞ്ഞു. അതേസമയം അറസ്റ്റിന്‍റെ ആവശ്യകത വ്യക്തമാക്കണമെന്ന് കേജ്‍രിവാളിന്‍റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇ.ഡിയുടെ അധികാരം വെറുതെ ഉപയോഗിക്കാവുന്നതല്ല. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് രാജ്യത്ത് ആദ്യമാണെന്നും ഇ.ഡി. അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് തടയുകയാണ് ഇഡിയുടെ ലക്ഷ്യമെന്ന് അരവിന്ദ് കേജ്രിവാള്‍ വാദിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ അറസ്റ്റ് വൈകിപ്പിച്ചത് അതിനാലാണ്. ഒന്‍പത് സമന്‍സുകള്‍ക്കും കൃത്യമായി മറുപടി നല്‍കിയിരുന്നു. അറസ്റ്റിന്‍റെ പിന്നിലുള്ള കാരണം എല്ലാവര്‍ക്കും അറിയാം. ഭരണഘടനയുടെ അടിസ്ഥാനം ജനാധിപത്യമാണെന്നും വിചാരണക്കോടതികള്‍ റബര്‍ സ്റ്റാംപുകളല്ലെന്നും മുഖ്യമന്ത്രിയുടെ അഭിഭാഷകര്‍ വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴികള്‍ വിശ്വാസത്തിലെടുക്കാനാവില്ലെന്നും വിശ്വസനീയമായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here